മലയാളി ജവാന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ കേസ്;സൈന്യം നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ്

single-img
28 March 2017

 


ന്യൂഡല്‍ഹി: മലയാളി ജവാന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ പോലീസ് കേസെടുത്തു. നിരോധിത മേഖലയില്‍ അനധികൃതമായി പ്രവേശിച്ചതിനും ജവാനുമായി അഭിമുഖം നടത്തിയതിനും ക്വിന്റ് എന്ന വാര്‍ത്താ വെബ്‌സൈറ്റിന്റെ ലേഖിക പൂനം അഗര്‍വാളിനെതിരെയാണ് കേസെടുത്തത്. കൊല്ലം സ്വദേശി ലാന്‍സ് നായിക് റോയ് മാത്യുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തെ തുടര്‍ന്നാണ് ജവാന്റെ സംഭാഷണം ഒളി കാമറയില്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരെ കെസെടുത്തത്. സൈന്യം നല്‍കിയ പരാതിയെ തുടര്‍ന്നാണ് നാസിക് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ആത്മഹത്യാ കുറിപ്പും മൃതദേഹത്തോടൊപ്പം പോലീസ് കണ്ടെത്തിയിരുന്നു. വാര്‍ത്ത വന്നതിനെത്തുടര്‍ന്ന് റോയ് മാത്യു കടുത്ത മാനസികസമ്മര്‍ദത്തിലായിരുന്നെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമായിരുന്നു സൈന്യത്തിന്റെ വിശദീകരണം. മാധ്യമപ്രവര്‍ത്തക നടത്തിയ ഒളി കാമറ അഭിമുഖത്തിലാണ് റോയ് മാത്യു താന്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പറഞ്ഞത്. ഈ വീഡിയോ ദൃശ്യങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടതിനു ശേഷം റോയ് മാത്യുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കാണ്ടെത്തുകയായിരുന്നു.

എന്നാല്‍ തനിക്ക്് അഭിമുഖം നല്‍കിയതിനു പിന്നാലെ റോയ്് മാത്യുവിനെതിരായി സൈന്യം അന്വേഷണം നടത്തിയെന്നും ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും മാധ്യമ പ്രവര്‍ത്തക ആരോപിച്ചു. പൂനം അഗര്‍വാളിനെ പോലീസ് ചോദ്യം ചെയ്തതായും മൊഴി രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. ദിയോദാലി സൈനിക മേഖലയില്‍ അനധികൃതമായി പ്രവേശിക്കുകയും ഒളി കാമറ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്യുന്നതിന് ഇവര്‍ക്ക് ചിലരുടെ സഹായം ലഭിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.