മിഷേലിനെ ബോട്ടില്‍ കടത്തിക്കൊണ്ടുപോയി അപായപ്പെടുത്തിയതാകാനുള്ള സാധ്യത തേടി ക്രൈംബ്രാഞ്ച്;മിഷേലിനെ കാണാതായ ദിവസം കൊച്ചിക്കായലില്‍ വിദേശ വിനോദ സഞ്ചാരികളുമായി ഉല്ലാസക്കപ്പല്‍

single-img
28 March 2017

കൊച്ചി: ദുരൂഹ സാഹചര്യത്തില്‍ മരിച്ച സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയെ ബോട്ടില്‍ കടത്തിക്കൊണ്ടുപോയി അപായപ്പെടുത്തിയതാകാനുള്ള സാധ്യത ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കും. ഇതിന്റെ ഭാഗമായി, സ്വകാര്യ സര്‍വീസ് നടത്തുന്ന ബോട്ടുടമകളെയും ബോട്ടുകളിലെ ജീവനക്കാരെയും ചോദ്യം ചെയ്യും.

മിഷേലിനെ കാണാതായ ദിവസം സന്ധ്യക്ക് ശേഷം എറണാകുളം, ഹൈക്കോടതി ജെട്ടികള്‍ക്ക് സമീപം കായലിലുണ്ടായിരുന്ന ബോട്ടുകളുമായി ബന്ധപ്പെട്ടാണ് ക്രൈംബ്രാഞ്ചിന്റെ പരിശോധന. മകളെ ബോട്ട് മാര്‍ഗം കടത്തിക്കൊണ്ടുപോയ ശേഷം അപായപ്പെടുത്തിയതാകാമെന്ന് പിതാവ് ഷാജി അന്വേഷണ സംഘത്തിന് മുന്‍പില്‍ സംശയമുന്നയിച്ച സാഹചര്യത്തിലാണ് ആ സാധ്യത കൂടി പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.

സംഭവ ദിവസം കൊച്ചിക്കായലില്‍ വിദേശ വിനോദ സഞ്ചാരികളുമായി ഉല്ലാസക്കപ്പല്‍ എത്തിയിരുന്നുവെന്നും ഇത്തരം കപ്പലിലേക്ക് പെണ്‍കുട്ടികളെ ബോട്ടില്‍ എത്തിച്ചുകൊടുക്കുന്ന സംഘം കൊച്ചി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ടെന്ന സംശയമാണു ഷാജി വര്‍ഗീസിന്റെ പുതിയ മൊഴിയിലുള്ളത്. പരിചയമുള്ള ആരെങ്കിലും മിഷേലിനെ തെറ്റിദ്ധരിപ്പിച്ച് ബോട്ടില്‍ കയറ്റിയിട്ടുണ്ടാകാമെന്നും ഇതിനെ എതിര്‍ക്കുന്നതിനിടെ മിഷേലിനെ അപായപ്പെടുത്തിയ ശേഷം പിന്നീട് കായലില്‍ ഉപേക്ഷിച്ചതാകാമെന്നുമുള്ള സംശയമാണ് പിതാവിന്. ഒരുപക്ഷേ, ബോധം കെടുത്തിയ ശേഷം മരിച്ചുവെന്ന് കരുതി ഉപേക്ഷിച്ചതുമാകാം.

എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരിക്കുകളോ മല്‍പിടിത്തമോ നടന്നതിന് തെളിവുകളില്ലാത്തതിനാല്‍ ഇത്തരമൊരു സംഭവം നടന്നതിന് സാധ്യത കുറവാണെങ്കിലും സംശയം ദൂരീകരിക്കാന്‍ തന്നെയാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ഹെക്കോടതി ജംക്ഷനില്‍നിന്ന് ലഭിച്ച സിസിടിവി ദൃശ്യത്തിലെ പെണ്‍കുട്ടി മിഷേല്‍ ആണെന്ന് കരുതുന്നില്ലെന്ന് രണ്ടാംഘട്ട മൊഴിയെടുപ്പില്‍ പിതാവ് ഷാജി ക്രൈംബ്രാഞ്ചിനെ അറിയിച്ചു.

കലൂര്‍ പള്ളിയിലെ സിസിടിവിയിലെ ദൃശ്യത്തിലുള്ളത് മിഷേല്‍ തന്നെയാണെങ്കിലും ഹൈക്കോടതി ജംക്ഷനില്‍നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ച സിസിടിവി ദൃശ്യത്തിലുള്ള പെണ്‍കുട്ടി മിഷേല്‍ ആണെന്നു കരുതുന്നില്ലെന്നാണ് ഷാജിയുടെ മൊഴി. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പിങ്ക് പട്രോളിങ് വാഹനത്തിന്റെ ക്യാമറയില്‍നിന്നാണ് ഈ ദൃശ്യം ലഭിച്ചത്. വല്ലാര്‍പാടം പള്ളിയില്‍ പോയിരിക്കാനുള്ള സാധ്യത ക്രൈംബ്രാഞ്ച് പരിശോധിച്ചെങ്കിലും അവിടുത്തെ ക്യാമറകളില്‍നിന്നു തെളിവൊന്നും ലഭിച്ചിട്ടില്ല.

അതേ സമയം, മിഷേലിനെ ശല്യം ചെയ്തിരുന്ന തലശ്ശേരിക്കാരനായ യുവാവ് മരണത്തിന് ഒരാഴ്ച മുന്‍പു മിഷേലിനെ തിരക്കി എറണാകുളം ടൗണ്‍ഹാളില്‍ എത്തിയിരുന്നുവെന്നു സുഹൃത്തുക്കളില്‍നിന്നു വിവരം ലഭിച്ചിട്ടുണ്ട്. ഈ യുവാവും ക്രൈംബ്രാഞ്ചിന്റെ അന്വേഷണ പരിധിയിലുണ്ട്. അധിക കസ്റ്റഡി കാലാവധി അവസാനിച്ചതിനാല്‍ പ്രതി ക്രോണിന്‍ അലക്സാണ്ടറെ ഇന്നലെ കോടതിയില്‍ ഹാജരാക്കി.