മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച് തോമസ് ചാണ്ടി തിരുവനന്തപുരത്ത് വിമാനമിറങ്ങി;താന്‍ മന്ത്രിയാകുന്നതില്‍ പിണറായിക്ക് എതിര്‍പ്പില്ലെന്നും തോമസ് ചാണ്ടി

single-img
28 March 2017

തോമസ് ചാണ്ടി

തിരുവനന്തപുരം: ഫോണ്‍ സംഭാഷണത്തില്‍ കുരുങ്ങി എ.കെ ശശീന്ദ്രന്‍ രാജിവെച്ചതോടെ മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച് തോമസ് ചാണ്ടി എം.എല്‍.എ തിരുവനന്തപുരത്ത് വിമാനമിറങ്ങി.ഗതാഗതവകുപ്പ് കൈകാര്യം ചെയ്യാന്‍ മറ്റാരെയും അനുവദിക്കില്ല. മന്ത്രിസ്ഥാനം എന്‍സിപി വിട്ടുനല്‍കില്ല. എന്‍സിപിക്ക് മാത്രം അവകാശപ്പെട്ട വകുപ്പാണതെന്നും തോമസ് ചാണ്ടി പറഞ്ഞു. എ.കെ.ശശീന്ദ്രന്റെ രാജിക്കുശേഷമുളള എന്‍സിപിയുടെ നിര്‍ണായക നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരാനിരിക്കെയാണ് തോമസ് ചാണ്ടിയുടെ പ്രതികരണം.ഗൾഫിൽനിന്ന് തിരുവനന്തപുരത്ത് വിമാനമിറങ്ങിയ അദ്ദേഹം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.
മൂന്നാമത്തെ പ്രാവശ്യമാണ് താന്‍ എം.എല്‍.എ ആകുന്നത്. ഗള്‍ഫിലും ഇവിടെയുമായി വന്നുംപോയുമാണ് കാര്യങ്ങള്‍ നടത്തുന്നത്. ഒരു പെട്ടിയും തൂക്കി ഗള്‍ഫിലേക്ക് പോയ താന്‍ അവിടെ സ്‌കൂളുകള്‍ തുടങ്ങി അത് നല്ല രീതിയില്‍ നടത്തിക്കൊണ്ടുപോകുന്നു. ആ തനിക്ക് മന്ത്രിയായി വകുപ്പ് നടത്തിക്കൊണ്ടുപോകുക അത്ര വലിയ കാര്യമല്ലെന്നും തോമസ് ചാണ്ടി പറഞ്ഞു.

ശശീന്ദ്രന്‍ തെറ്റു ചെയ്തിട്ടില്ല എന്ന തെളിഞ്ഞാല്‍ ആ സെക്കന്‍ഡില്‍ അദ്ദേഹം മന്ത്രിസ്ഥാനത്ത് തിരിച്ചെത്തും. ഞാന്‍ പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറാണ്. മന്ത്രിസ്ഥാനം എന്‍സിപിക്ക് അവകാശപ്പെട്ടതാണ്. അക്കാര്യം കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്‍സിപി ആരെ മന്ത്രിയാക്കണമെന്ന് തീരുമാനിച്ച് പറഞ്ഞാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.രാജിവെച്ചൊഴിഞ്ഞ എകെ ശശീന്ദ്രന് പകരം മന്ത്രിസ്ഥാനത്തേക്ക് എന്‍സിപി നേതാവ് തോമസ് ചാണ്ടിയുടെ പേര് ഉയര്‍ന്നു കേള്‍ക്കുന്നതില്‍ സിപിഐഎം കേന്ദ്രനേതൃത്വത്തിന് അതൃപ്തിയുളളതായി ഇന്നലെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് കോടിയേരിയുടെയും പിണറായിയുടെയും പിന്തുണയുണ്ടെന്ന് വ്യക്തമാക്കി തോമസ് ചാണ്ടി രംഗത്തെത്തുന്നത്.