തട്ടിക്കൊണ്ടുപോകല്‍ കേസ്: സക്കീര്‍ ഹുസൈനെ സിപിഐഎം കുറ്റവിമുക്തനാക്കി;ചെറിയ ജാഗ്രതക്കുറവ് മാത്രമാണ് ഉണ്ടായതെന്ന് എളമരം കരീമിന്റെ ഏകാംഗ കമ്മീഷന്റെ റിപ്പോര്‍ട്ട്

single-img
28 March 2017

കൊച്ചിയില്‍ വ്യവസായിയെ തട്ടിക്കൊണ്ടുപോയി തടവില്‍വെച്ച് ഭീഷണിപ്പെടുത്തിയ കേസിൽ സിപിഐഎം ജില്ലാ കമ്മിറ്റി അംഗവുമായ വി.എം സക്കീര്‍ ഹുസൈനെ സിപിഐഎം കുറ്റവിമുക്തനാക്കി.സക്കീര്‍ കുറ്റക്കാരനല്ലെന്നും ചെറിയ ജാഗ്രതക്കുറവ് മാത്രമാണ് ഉണ്ടായതെന്നുമാണ് എളമരം കരീമിന്റെ ഏകാംഗ കമ്മീഷന്റെ റിപ്പോര്‍ട്ട്.റിപ്പോർട്ട് സംസ്ഥാന കമ്മറ്റി അംഗീകരിച്ചു.

കളമശേരിയിലെ വ്യവസായി ജൂബി പൗലോസിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് സക്കീര്‍ ഹുസൈനെ ഒന്നാം പ്രതിയാക്കി പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. നിലവില്‍ കളമശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ റൗഡി ലിസ്റ്റില്‍ ഉള്‍പെട്ടയാളാണ് സിപിഐഎം എറണാകുളം ജില്ലാകമ്മിറ്റിയംഗമായ സക്കീര്‍ ഹുസൈന്‍. ഇയാള്‍ റൗഡിയാണെന്നും 15 ക്രിമിനല്‍ കേസില്‍ പ്രതിയാണെന്നും തട്ടിക്കൊണ്ടു പോകല്‍ കേസില്‍ സക്കീര്‍ ഹുസൈന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. തട്ടിക്കൊണ്ടു പോകല്‍ കേസില്‍ 20 ദിവസം ഒളിവില്‍ കഴിഞ്ഞ ശേഷമാണ് സക്കീര്‍ ഹുസൈന്‍ കീഴങ്ങിയത്. ജയില്‍വാസം കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയതിന് ശേഷം സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തും പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലും സക്കീർ സജീവമാണു. കേസിനെത്തുടര്‍ന്ന് ഏരിയക്കമ്മിറ്റി സ്ഥാനത്ത് നിന്നും സക്കീർ ഹുസൈനെ നീക്കിയിരുന്നു.