ആര്‍ത്തവം അശുദ്ധമെന്ന് എം.എം ഹസന്‍: ഞാനും താങ്കളുമെല്ലാം ആ രക്തത്തിന്റെ ഭാഗമല്ലേയെന്ന് ചോദ്യം ചെയ്ത് പെണ്‍കുട്ടി വേദിയില്‍

single-img
27 March 2017


തിരുവനന്തപുരം: ആര്‍ത്തവം അശുദ്ധമെന്ന് എം.എം ഹസന്‍. കെ.പി.സി.സി അധ്യക്ഷനായി ചുമതലയേറ്റ ശേഷം ഇന്നലെ യുവജന ക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച യുവ മാധ്യമ പ്രവര്‍ത്തക ക്യാമ്പില്‍ പങ്കെടുക്കവേയാണ് ഹസന്റെ പരാമര്‍ശം. അശുദ്ധിയുള്ള സമയങ്ങളില്‍ സ്ത്രീകള്‍ ക്ഷേത്രങ്ങളില്‍ പോകരുതെന്നും ഹസന്‍ പറഞ്ഞു.
എന്നാല്‍ ചടങ്ങില്‍ പങ്കെടുത്ത പെണ്‍കുട്ടി ഹസന്റെ നിലപാടിനെ പരസ്യമായി ചോദ്യം ചെയ്തു. ഏത് തരം അശുദ്ധിയാണ് താങ്കള്‍ ഉദേശിക്കുന്നതെന്നായിരുന്നു പെണ്‍കുട്ടിയുടെ ചോദ്യം. അതേസമയം ഹിന്ദുവായാലും മുസ്‌ലിമായാലും ക്രിസ്ത്യന്‍ ആയാലും അുദ്ധിയുള്ള സമയങ്ങളില്‍ സ്ത്രീകള്‍ ക്ഷേത്രങ്ങളില്‍ പ്രവേശിക്കേണ്ടതില്ലെന്ന ആഭിപ്രായമാണ് തനിക്കെന്നായിരുന്നു ഹസന്റെ പരാമര്‍ശം.

പിന്നീട് വേദിയില്‍ നിന്നെഴുന്നേറ്റ പെണ്‍കുട്ടി ഏത് തരം അശുദ്ധിയെക്കുറിച്ചാണ് നിങ്ങള്‍ പറഞ്ഞതെന്ന് മനസ്സലായില്ലെന്നും രക്തമാണ് ഉദേശിച്ചതെങ്കില്‍ ഞാനും താങ്കളുമെല്ലാം അതിന്റെ ഭാഗമല്ലേയെന്നും ചോദിച്ചു. മറുപടിയിലും നിലപാടില്‍ ഉറച്ച് നിന്ന ഹസന്‍ രക്തം ശരീരത്തില്‍ നിന്നും കൂടുതലായി നഷ്ടമാകുന്ന സമയങ്ങളില്‍ വ്രതങ്ങളും കൂടുതല്‍ യാത്രകളും ബുദ്ധിമുട്ടാകുമെന്നും ഈ വിഷയത്തില്‍ ഇപ്പോള്‍ തനിക്ക് ഇത്രയേ പറയാന്‍ കഴിയുകുള്ളുവെന്നും പറഞ്ഞു.