മൂന്നാറില്‍ യാതൊരുവിധ കയ്യേറ്റങ്ങളും പ്രോത്സാഹിപ്പിക്കില്ല; റിസോര്‍ട്ടുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരും-മുഖ്യമന്ത്രി

single-img
27 March 2017

മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: മൂന്നാറില്‍ ഒരു വിധത്തിലുമുള്ള കയ്യേറ്റങ്ങളും പ്രോത്സാഹിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കയ്യേറ്റക്കാര്‍ക്കെതിരെ നിര്‍ദാക്ഷിണ്യം നടപടിയെടുക്കുമെന്നും ജനങ്ങള്‍ക്കൊപ്പം കര്‍ഷകരുടെ പ്രശ്നങ്ങളും പരിഹരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നൂറ്റാണ്ടുകളായി താമസിക്കുന്നവരെ കയ്യേറ്റക്കാരായി കണ്ടു നടപടിയെടുക്കില്ല. മൂന്നാറില്‍ ഭൂപ്രകൃതി കണക്കാക്കിയുള്ള നിര്‍മാണങ്ങളാണ് വേണ്ടത്. മൂന്നാറില്‍ റിസോര്‍ട്ടുകള്‍ക്കു നിയന്ത്രണം കൊണ്ടുവരും. അവിടെ താമസിക്കാന്‍ എത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തിന് അനുസരിച്ചുള്ള റിസോര്‍ട്ടുകള്‍ മതിയാകും. അങ്ങനെ നിര്‍മിക്കുന്നവ പരിസ്ഥിതിക്ക് ഇണങ്ങുന്നവ ആയിരിക്കണം.

മൂന്നാറിലെ പരിസ്ഥിതിക്ക് കോട്ടം തട്ടരുതെന്ന് എല്ലാവരും ചിന്തിക്കുന്നുണ്ട്. അതിനൊപ്പം തന്നെയാണ് ഇടുക്കിയിലെ ജനങ്ങളും. ഭൂപ്രകൃതി സംരക്ഷിക്കുക എന്നതിനൊപ്പം ജനങ്ങളെയും പരിഗണിക്കുക എന്നാണ് സര്‍ക്കാര്‍ നയം. കര്‍ഷകര്‍ക്ക് പട്ടയം ലഭിച്ചു. തുടര്‍ന്ന് മരം വച്ചുപിടിപ്പിച്ചെങ്കിലും മരം മുറിക്കാന്‍ അനുമതി ലഭിക്കുന്നില്ല എന്നൊരു പ്രശ്നം നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ മുറിക്കാവുന്ന 28 മരങ്ങള്‍ നേരത്തെതന്നെ തീരുമാനിച്ചിട്ടുണ്ട്. അതിനെ എതിര്‍ക്കേണ്ടതില്ല എന്നാണ് സര്‍ക്കാര്‍ നിലപാട്.

മറ്റൊരു പ്രശ്നം വീടുവയ്ക്കുന്നതാണ്. വീടുവയ്ക്കുന്നതിന് ഹൈക്കോടതി പറഞ്ഞത് റവന്യൂ അധികൃതര്‍ അനുമതി നല്‍കണമെന്നാണ്. സബ് കലക്ടര്‍ ആണ് ഇപ്പോള്‍ അനുമതി നല്‍കുന്നത്. പലപ്പോഴും സബ് കലക്ടര്‍ക്ക് ഇത്രയും വലിയ പ്രദേശം ഒറ്റയ്ക്ക് കൈകാര്യം ചെയ്യുന്നതില്‍ ബുദ്ധിമുട്ടുണ്ട്. ഈ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്നാണ് പരിശോധിക്കുന്നത്. റവന്യൂവകുപ്പ് ആലോചിച്ച് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, എസ്. രാജേന്ദ്രന്‍ എംഎല്‍എ ഭൂമി കയ്യേറിയെന്ന ആരോപണം മുഖ്യമന്ത്രി തള്ളി. എംഎല്‍എ ഭൂമി കയ്യേറി എന്നു പറയുന്നത് കേവലം ആരോപണം മാത്രമാണ്. രാജേന്ദ്രന്‍ വീട് നിര്‍മിച്ചത് പട്ടയഭൂമിയില്‍ ആണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.