ജിയോ വരിക്കാര്‍ക്കു സന്തോഷ വാര്‍ത്ത: പ്രൈം മെമ്പര്‍ഷിപ് സൗജന്യമായി നേടാം

single-img
25 March 2017

സൗജന്യ ഉപയോഗ കാലാവധി അവസാനിക്കാനിരിക്കെ ജിയോ പ്രൈം അംഗത്വം സൗജന്യമായി നേടാനുള്ള വഴിയുമായി റിലയന്‍സ് രംഗത്ത്. ജിയോ മണി വാലറ്റ് ആപ് വഴി റീചാര്‍ജ് ചെയ്താല്‍ ജിയോ പ്രൈം മെമ്പര്‍ഷിപ് സൗജന്യമാക്കാന്‍ കഴിയും, അതിന് ചെയ്യേണ്ടത് ഇത്രമാത്രം. ജിയോ മണി വാലറ്റ് ആപ്പ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുക. ജിയോ മെമ്പര്‍ഷിപ് എടുക്കുന്നതിനുള്ള 99 രൂപയുടെ റീചാര്‍ജ് ആദ്യം ചെയ്യുക. തുടര്‍ന്ന് ഒരു മാസത്തെ കാലാവധിയില്‍ സൗജന്യ ഇന്റര്‍നെറ്റ് ആസ്വദിക്കുന്നതിനുള്ള 303ന്റെ റീചാര്‍ജും ചെയ്യുക.

99 രൂപയുടേയും 303 രൂപയുടേയും റീചാര്‍ജില്‍ 50 രൂപ വീതം ക്യാഷ് ബാക്ക് ലഭിക്കുമെന്നാണു ജിയോ മണി പറയുന്നത്. എങ്ങനെയായാല്‍ ജിയോ പ്രൈം മെമ്പര്‍ഷിപ്പും 303ന്റെ ഓഫറും ചെയ്യുമ്പോള്‍ അക്കൗണ്ടില്‍ 100 രൂപ ബാക്കി കിടക്കും. ഫലത്തില്‍ ജിയോ പ്രൈം മെമ്പര്‍ഷിപ്പിനു മുടക്കിയ തുക അതേപോലെ തിരിച്ചു കിട്ടും.

ഓണ്‍ലൈന്‍ ഷോപ്പിങ് കമ്പനിയായ ആമസോണും പ്രൈം അംഗത്വത്തിന് സമാനമായ ഓഫര്‍ നല്‍കാറുണ്ട്. ജിയോ പ്രൈം അംഗത്വം എടുക്കുന്നവര്‍ക്ക് മാത്രമാണ് ജിയോ തുടര്‍ന്നും ഓഫറുകള്‍ നല്‍കുന്നത്. അല്ലാത്ത വരിക്കാര്‍ക്ക് സാധാരണ താരീഫ് നിരക്കാണ് ഈടാക്കുന്നത്.

303 രൂപ പാക്കില്‍ ദിവസവും ഒരു ജിബി അതിവേഗ ഡേറ്റയും സൗജന്യ കോളുകളും നല്‍കുന്നു. ജിയോയുടെ തന്നെ റിലയന്‍സ് മണി ആപ്പ് സജീവമാക്കാനാണ് പുതിയ ഓഫര്‍ നല്‍കുന്നത്. പേടിഎം പോലുള്ള ആപ്പുകളെ അതിവേഗം മറികടക്കുക എന്ന ലക്ഷ്യവും ഈ ക്യാഷ് ബാക്ക് ഓഫറിനുണ്ട്.