മൂന്ന് വര്‍ഷം തന്നെ ക്രൂരമായി പീഡിപ്പിച്ചു: കുണ്ടറ പീഡനക്കേസിലെ പ്രതിക്കെതിരെ പരാതിയുമായി മറ്റൊരു പെണ്‍കുട്ടി കൂടി

single-img
23 March 2017

കൊല്ലം: കുണ്ടറ പീഡനക്കേസിലെ പ്രതിക്കെതിരെ പീഡന ആരോപണവുമായി മറ്റൊരു പെണ്‍കുട്ടി കൂടി രംഗത്തെത്തി. കുണ്ടറയില്‍ മരിച്ച പെണ്‍കുട്ടിയുടെ ബന്ധുവാണ് പ്രതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുള്ളത്. മൂന്ന് വര്‍ഷമായി പ്രതി തന്നെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുകയാണെന്ന് പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കി.

പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും ബുദ്ധിമുട്ടാകും വിധം ക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്നാണ് പെണ്‍കുട്ടിയുടെ പരാതി. ഇയാളുടെ വീട്ടില്‍വച്ച് ഭാര്യയുടെ അറിവോടെയായിരുന്നു പീഡനമെന്നും കുട്ടി ആരോപിക്കുന്നു .രാജകുമാരിയെപ്പോലെ വിവാഹം കഴിപ്പിക്കുമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ ബാങ്കിലിടുമെന്ന് പറഞ്ഞ് പ്രലോഭിപ്പിക്കുകയും ചെയ്തിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു.

പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. കേസില്‍ ഭാര്യയും പ്രതിയാവും. പീഡനത്തിന് എല്ലാ ഒത്താശയും ചെയ്ത് കൊടുത്തത് ഇവരാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. കൊട്ടാരക്കര ഡിവൈഎസ്പിയാണ് കേസ് അന്വേഷണം നടത്തുന്നത്.

നേരത്തെ കുണ്ടറയിലെ പത്തു വയസുകാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് ഇയാള്‍ പോലീസ് പിടിയിലാവുന്നത്. അതിനിടെ നിരവധി കേസുകളാണ് ഇയാള്‍ക്കെതിരെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കുണ്ടറയില്‍ പതിനാലുകാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നിലും ഇയാളാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ ഒരു പെണ്‍കുട്ടി കൂടി പ്രതിക്കെതിരെ പീഡന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.