രണ്ടില ചിഹ്നം മരവിപ്പിച്ച് തിരഞ്ഞെടുപ്പു കമ്മീഷന്‍; എഐഎഡിഎംകെ യുടെ പേര് മാറ്റണമെന്നും നിര്‍ദ്ദേശം

single-img
23 March 2017

ചെന്നൈ: എഐഎഡിഎംകെ യുടെ രണ്ടില ചിഹ്നം മരവിപ്പിച്ചുകൊണ്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. മുന്‍ മുഖ്യമന്ത്രി ജയലളിത മരിച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന ചെന്നൈ ആര്‍.കെ.നഗര്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ പനീര്‍ സെല്‍വത്തിന്റേയും ശശികലയുടേയും വിഭാഗങ്ങള്‍ തമ്മിലുളള പ്രശ്‌നമാണ് ഇതിന് കാരണം. ഇരു വിഭാഗങ്ങളും പുതിയ ചിഹ്നത്തില്‍ മത്സരിക്കണമെന്നും എഐഎഡിഎംകെ എന്ന പേരില്‍ മത്സരിക്കാന്‍ കഴിയില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ഉപതെരഞ്ഞെടുപ്പില്‍ എഐഎഡിഎം കെ എന്ന് മാത്രമുള്ള പേരില്‍ ഇരുപക്ഷത്തിനും മത്സരിക്കാനാകില്ല. മാതൃപാര്‍ട്ടിയായ എ ഐ എ ഡി എം കെയുടെ പേരുമായി ബന്ധമുള്ളതോ അല്ലാത്തതോ ആയ പുതിയ പേരുകള്‍ ഇരുവിഭാഗവും വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെ സമര്‍പ്പിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. ഏത് ചിഹ്നത്തിലാണ് മത്സരിയ്ക്കാനുദ്ദേശിയ്ക്കുന്നതെന്നും ഇരുവിഭാഗങ്ങളും അറിയിയ്ക്കണം. പാര്‍ട്ടിയുടെ അധികാരം സംബന്ധിച്ച് കൂടുതല്‍ രേഖകള്‍ ഏപ്രില്‍ 17 വരെ ഹാജരാക്കാന്‍ അവസരമുണ്ടെന്നും തെരഞ്ഞെടുപ്പ്കമ്മീഷന്‍ വ്യക്തമാക്കി.

പ്രവര്‍ത്തകരുടെയും പ്രാദേശികഘടകങ്ങളുടെയും പിന്തുണ അവകാശപ്പെട്ട് ശശികല, പനീര്‍ശെല്‍വം വിഭാഗങ്ങള്‍ ഹാജരാക്കിയ രേഖകള്‍ ഇരുപതിനായിരത്തിലധികം പേജുണ്ടെന്നും ഇതു മുഴുവന്‍ കുറഞ്ഞ സമയത്തിനുള്ളില്‍ പരിശോധിച്ച് അന്തിമ തീരുമാനത്തിലെത്താനാകാത്തതിനാലാണ് ചിഹ്നം മരവിപ്പിച്ച് ഇടക്കാല ഉത്തരവിറക്കുന്നതെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

എഐഎഡിഎകെ യുടെ അഭിമാനത്തിന്റെ അടയാളമാണ് രണ്ടിലച്ചിഹ്നം. 1987ല്‍ പാര്‍ട്ടി സ്ഥാപകന്‍ എംജിആറിന്റെ മരണശേഷം ജാനകി രാമചന്ദ്രന്റെയും ജയലളിതയുടെയും നേതൃത്വത്തില്‍ പാര്‍ട്ടി രണ്ടായി പിളര്‍ന്നപ്പോഴും രണ്ടിലച്ചിഹ്നത്തിന്‍മേല്‍ അവകാശത്തര്‍ക്കം ഉടലെടുത്തിരുന്നു.