എന്തിരന്‍ 2.0വിന്റെ സെറ്റില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം; സംവിധായകന്‍ ശങ്കര്‍ മാപ്പ് പറഞ്ഞു, ദ ഹിന്ദു ദിനപത്രത്തിന്റെ രണ്ട് ഫോട്ടോ ജേര്‍ണലിസ്റ്റുകള്‍ക്കാണ് മര്‍ദ്ദനമേറ്റത്

single-img
23 March 2017

ന്യൂഡല്‍ഹി: രജനീകാന്തിന്റെ പുതിയ ചിത്രമായ എന്തിരന്‍ 2.0വിന്റെ സെറ്റില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം. ദ ഹിന്ദു ദിനപത്രത്തിന്റെ ഫോട്ടോജേര്‍ണലിസ്റ്റുകളായ് എം.ആര്‍ രഘുനാഥന്‍, ജി. ശ്രീഭരത് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സിനിമ യൂണിറ്റ് അംഗങ്ങളാണ് ഇവരെ മര്‍ദ്ദിച്ചത്.

ഗതാഗതം തടസ്സപ്പെടുത്തി ചിത്രീകരണം നടത്തുന്നതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് മര്‍ദ്ദനമേറ്റത്. ആര്‍കെ നഗറിലേക്ക് പോകുന്ന പ്രധാന റോഡ് തടഞ്ഞ് ചിത്രീകരണം നടത്തുന്നതിനെയാണ് ഇവര്‍ ചോദ്യം ചെയ്തത്. രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ 6 മണി വരെയാണ് ഇവര്‍ക്ക് പൊലീസ് അനുവദിച്ച പെര്‍മിറ്റ്.

എം ആര്‍ രഘുനാഥന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഐസ് ഹൗസ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും സംഭവവുമായി ബന്ധപ്പെട്ട ചിലരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മാധ്യമ പ്രവര്‍ത്തകര്‍ സെറ്റില്‍ പ്രതിഷേധ പ്രകടനം നടത്തുകയും ചിത്രീകരണം തടസ്സപ്പെടുത്തുകയും ചെയ്തു.

ഇതിനെ തുടര്‍ന്ന് സംവിധായകന്‍ ശങ്കര്‍ വാര്‍ത്താ സമ്മേളനം വിളിക്കുകയും മാധ്യമ പ്രവര്‍ത്തകരോട് മാപ്പ് പറയുകയും ചെയ്തു. തന്റെ അറിവോടെയല്ല ഇക്കാര്യങ്ങളൊന്നും നടന്നതെന്നും ശങ്കര്‍ പറഞ്ഞു.