തൊഴിലിടങ്ങളിലെ നിയമലംഘനം: രാമചന്ദ്രന്‍ ടെക്‌സ്‌റ്റൈല്‍സിന് 1.32 ലക്ഷം രൂപ പിഴ

single-img
22 March 2017

തിരുവനന്തപുരം: തൊഴിലാളികളുടെ മനുഷ്യാവകാശങ്ങള്‍ പോലും സംരക്ഷിക്കാതെ തൊഴില്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തിക്കൊണ്ട് ജീവനക്കാരെ നിരന്തരം ചൂഷണം ചെയ്തുകൊണ്ടിരിക്കുന്ന വസ്ത്രവ്യാപാര ശാല്‌ക്കെതിരേ ഒടുവില്‍ നടപടി. തലസ്ഥാനത്തെ പ്രമുഖ വസ്ത്രശാലയായ രാമചന്ദ്രന്‍ ടെക്‌സ്‌റ്റൈല്‍സിനാണ് തിരുവനന്തപുരം രണ്ടാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 1,32,850 രൂപ പിഴചുമത്തിയത്.നോട്ടീസ് നല്‍കിയിട്ടും ഫലമുണ്ടാകാത്തതിനെതുടര്‍ന്നാണ് മജിസ്‌ട്രേറ്റ് കോടതി ഇടപെട്ടത്.

കേരള ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമം, മിനിമം വേതനനിയമം, മെറ്റേര്‍ണിറ്റി ബെനഫിറ്റ് നിയമം, ദേശീയ ഉത്സവ അവധി നിയമം തുടങ്ങി നിരവധി നിയമങ്ങളുടെ ലംഘനങ്ങള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.2014 ലും 2016 ലും തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തില്‍ മൂന്ന് കേസുകളിലായി 51 നിയമലംഘനങ്ങളാണ് സ്ഥാപനത്തില്‍ കണ്ടെത്തിയത്.സ്ഥാപന ഉടമകളായ ആറുപേരെയും പ്രതികളാക്കിയാണ് കേസെടുത്തിരുന്നത്.

തൊഴിലാളികള്‍ തീര്‍ത്തും നരകതുല്യമായ അവസ്ഥയിലാണ് ഇവിടെ കഴിഞ്ഞിരുന്നതെന്ന് ഒരു ഉന്നത തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുകയുണ്ടായി. രണ്ട് മാസം മുമ്പ് തങ്ങള്‍ അവിടെ റെയ്ഡ് നടത്തിയപ്പോള്‍ ഞെട്ടിപ്പിക്കുന്ന കാഴ്ചകളാണ് കാണാന്‍ കഴിഞ്ഞതെന്ന് അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ എ.അലക്‌സാണ്ടര്‍ പറഞ്ഞു. കാലിത്തൊഴുത്തിനു സമാനമായ താമസസ്ഥലവും തീര്‍ത്തും വൃത്തിഹീനമായ ടോയ്‌ലറ്റുമാണ് തൊഴിലാളികള്‍ക്ക് നല്‍കിയിരുന്നത്. ജീവനക്കാര്‍ക്ക് ഒരു മിനിറ്റ് പോലും ഇരിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. അല്‍പ്പനേരം വിശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കടുത്ത നടപടിയെടുത്തിരുന്നു.

സ്ത്രീകളെക്കൊണ്ട് രാത്രി വൈകി ജോലി ചെയ്യിച്ചിരുന്നതായും തൊഴില്‍ വകുപ്പധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ആക്ടില്‍ പറഞ്ഞതുപോലെ സ്റ്റാഫുകളുടെ എണ്ണമനുസരിച്ചുള്ള വേണ്ടത്ര ടോയ്‌ലറ്റുകള്‍,റെസ്റ്റ് റൂം,ജീവനക്കാരുടെ കുട്ടികള്‍ക്കു വേണ്ടിയുള്ള സംരക്ഷണ റും എന്നിവ അവിടെ ഉണ്ടായിരുന്നില്ല.

തെറ്റുകള്‍ തിരുത്താനാവശ്യപ്പെട്ട് പലകുറി നോട്ടീസ് കൊടുത്തെങ്കിലും ഉടമകള്‍ ചെവിക്കൊണ്ടിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. രാമചന്ദ്ര ടെക്‌സ്‌റ്റൈല്‍സില്‍ ജുലൈ 12, 18 ജില്ലാ ലേബര്‍ ഓഫീസര്‍ കെ.ജി വല്‍സല കുമാറിന്റെ നേതൃത്വത്തില്‍ രണ്ട് റെയ്ഡുകള്‍ കൂടി നടത്തിയിരുന്നു.

വിവിധ ടെക്‌സ്‌റ്റൈല്‍സുകളിലെ താമസ സൗകര്യങ്ങള്‍ കണ്ടെത്തുന്നതിന് ഞങ്ങള്‍നിരവധി റെയ്ഡുകള്‍ തന്നെ നടത്തുകയുണ്ടായി. നിരവധി മനുഷ്യാവകാശ ലംഘനങ്ങളാണ് ഡിപ്പാര്‍ട്ട്‌മെന്റിന് കണ്ടെത്താന്‍ കഴിഞ്ഞത്. രാമചന്ദ്ര ടെക്‌സ്റ്റൈല്‍സിന്റെ ഏറ്റവും മുകളിലത്തെ നിലയില്‍ ജീവനക്കാര്‍ക്കായുള്ള ഡോര്‍മെറ്ററി അടിസ്ഥാന സൗകര്യം പോലും ലഭ്യമാക്കാത്ത കാലിത്തൊഴുത്തിന് സമാനമായ ഒരിടമാണെന്നും ഉദ്ദ്യോഗസ്ഥര്‍ കണ്ടെത്തി.

സിറ്റിയിലെ തന്നെ മറ്റു പ്രമുഖ വസ്ത്രശാലകളും ഈ ലിസ്റ്റില്‍ പെടുമെന്നും അവര്‍ പറഞ്ഞു. പക്ഷേ ഭയം മൂലം തങ്ങളുടെ ദുരവസ്ഥ ഉദ്ദ്യോഗസ്ഥരുമായി പങ്കുവെക്കാന്‍ തയ്യാറല്ലായിരുന്നു മിക്ക ജീവനക്കാരും.

സ്ഥാപനത്തിന്റെ മുകളില്‍ത്തന്നെ ഡോര്‍മെറ്ററി സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കില്‍ ഷട്ടറുകള്‍ താഴ്ത്തിയതിനു ശേഷവും അവരെക്കൊണ്ട് ജോലി ചെയ്യിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല എന്നാണ് അസംഘടിത മേഖലകളിലെ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള അസംഘടിത മേഖല തൊഴിലാളി യൂണിയന്‍ (AMTU) എന്ന സംഘടനയുടെ സംസ്ഥാന സിക്രട്ടറി പി.വിജി പറഞ്ഞത് .

തൊളിലാളി ചൂഷണം എല്ലാ മേഖലകളിലും ഉണ്ടെങ്കിലും തൊഴിലിടങ്ങളിലെ ചൂഷണങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന ഇടമാണ് വസ്ത്രശാലകള്‍.മണിക്കൂറുകളോളം നിന്ന് പണിയെടുക്കുന്നതിനിടയില്‍ ഒന്ന് ഇരിക്കാന്‍ പോലും പാടില്ല. അതുപോലെ ഭഷണം കഴിക്കുന്നതിനായി വൃത്തിയുള്ള ഒരു ഇടമോ റിഫ്രഷ്‌മെന്റ് റൂമോ മിക്ക സ്ഥാപനങ്ങളിലുമില്ല.

പലപ്പോഴും വസ്ത്രങ്ങളും ക്ലീനിങ് ഉപകരണങ്ങളുമൊല്ലാം കൂട്ടിയിട്ടിരിക്കുന്ന വൃത്തിഹീനമായ ഇടുങ്ങിയ മുറികളിൽ നിന്നു കൊണ്ടാണ് പല ജീവനക്കാരും ഭക്ഷണം കഴിക്കുന്നത്. ഭക്ഷണത്തിനു ശേഷം 5 മിനിറ്റ് പോലും വിശ്രമമില്ലാതെ വീണ്ടും തിരികെ ജോലിയില്‍ കയറുകയും ചെയ്യണം. മാത്രമല്ല ജോലി സമയത്ത് ജീവനക്കാര്‍ തമ്മില്‍ പരസ്പരം സംസാരിക്കാന്‍ പോലും പാടില്ല. ജീവനക്കാരെ സദാസമയവും നിരീക്ഷിക്കുന്നതിനായി ക്യാമറകളും സൂപ്പര്‍ വൈസര്‍മാരുമുണ്ടാകും. സംസാരിച്ചെന്നു കണ്ടെത്തിയാല്‍ ഫൈന്‍ ഈടാക്കുകയും ചെയ്യും.

ഈ മേഖലയില്‍ ഏറ്റവും കൂടുതല്‍ ചൂഷണങ്ങള്‍ക്ക് വിധേയമാവുന്നത് സ്ത്രീകളാണ്. തനിച്ച് വീട്ടില്‍ നിര്‍ത്താന്‍ കഴിയാത്ത ചെറിയ കുഞ്ഞുങ്ങളുള്ള വനിതാ ജീവനക്കാരുടെ കുട്ടികളെ സംരക്ഷിക്കാനുള്ള ഇടമൊരുക്കണമെന്ന് ആക്ടില്‍ പറയുന്നുണ്ടെങ്കിലും ഒരു സ്ഥാപനത്തില്‍ പോലും ഈ സംവിധാനമില്ലെന്നു തന്നെ പറയാം.

ടോയ്‌ലറ്റില്‍ പോവുമ്പോള്‍ പോലും മേല്‍ ജീവനക്കാരനോട് അനുവാദം ചോദിക്കേണ്ട അവസ്ഥയാണത്രെ. അതുകൊണ്ടു തന്നെ പലരും ടോയ്‌ലറ്റില്‍ പോകാന്‍ മടി കാണിക്കുകയും ചെയ്യന്നു. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് സ്ത്രീകളിലുണ്ടാക്കുന്നത്.

പ്രമുഖ വസ്ത്ര ശാലകളിലെ വനിതാ ജീവനക്കാരുമായി സംസാരിച്ച് അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ തങ്ങള്‍ നിരവധി തവണ ശ്രമിച്ചിങ്കിലും ഭയം മൂലം പ്രശ്‌നങ്ങള്‍ പങ്കുവെക്കാന്‍ പോലും ആരും തയ്യാറായിരുന്നില്ല എന്നാണ് സേവ യൂണിയന്റെ ഓര്‍ഗനൈസറായ ഷീന ബഷീര്‍ പറയുന്നത്.