സൗദിയിലെ പൊതുമാപ്പ്: മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറത്തുവന്നു

single-img
22 March 2017

റിയാദ്: സൗദി അറേബ്യ പ്രഖ്യാപിച്ച പൊതുമാപ്പു പ്രയോജനപ്പെടുത്തുന്നതിനുളള മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറത്തുവന്നു. ഈ മാസം 29 മുതലാണ് പൊതുമാപ്പു പ്രാബല്യത്തില്‍ വരുക. ഇതോടെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടാത്ത നിയമ ലംഘകര്‍ രാജ്യം വിടാനുളള ഒരുക്കത്തിലാണ്.

പ്രധാനമായും ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കാണ് പൊതുമാപ്പ് പ്രയോജനപ്പെടുക. ഇവര്‍ തൊഴില്‍, പാസ്പോര്‍ട്ട് എന്നീ വകുപ്പുകളുടെ വെബ്സൈറ്റുവഴി എക്സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കണം. സന്ദര്‍ശക വിസ കാലാവധി തീരൂന്നവര്‍ ടിക്കറ്റെടുത്ത് എയര്‍പോര്‍ട്ടിലെത്തിയാല്‍ ഫൈനല്‍ എക്സിറ്റ് ലഭിക്കും. അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലും തുറമുഖങ്ങളിലും എക്സിറ്റിന് സൗകര്യം ഉണ്ട്. തൊഴിലുടമകളില്‍ നിന്നു ഒളിച്ചോടി ഹുറൂബിന്റെ പട്ടികയില്‍െപ്പെട്ടവര്‍ പാസ്പോര്‍ട്ട് ഡയറക്ടറേറ്റു വഴി നടപടികള്‍ പൂര്‍ത്തിയാക്കണം. എക്സിറ്റ് നേടിയവര്‍ക്ക് നാടുകടത്തല്‍ കേന്ദ്രങ്ങളെ സമീപിക്കേണ്ട. ഇവര്‍ക്ക് സാധാരണ യാത്രക്കാരെ പോലെ രാജ്യത്തെ എയര്‍പോര്‍ട്ടുകളില്‍ നിന്നു മാതൃരാജ്യത്തേു മടങ്ങാം.

ക്രിമിനല്‍ കേസുകളിലും സാമ്പത്തിക കുറ്റകൃത്യങ്ങളിലും ഉള്‍പ്പെട്ടവര്‍ക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ല. 2013ലാണ് സൗദി അറേബ്യ 9 മാസം നീണ്ടു നിന്ന പൊതുമാപ്പു പ്രഖ്യാപിച്ചത്. 25 ലക്ഷം വിദേശികള്‍ അന്ന് പൊതുമാപ്പു പ്രയോജനപ്പെടുത്തി. കഴിഞ്ഞ പൊതുമാപ്പു വേളയില്‍ 11 ലക്ഷം ഇന്ത്യക്കാരാണ് താമസാനുമതി രേഖയും വിസയും നിയമ വിധേയമാക്കി സൗദിയില്‍ തൊഴില്‍ കണ്ടെത്തിയത്. നിയമ ലംഘകരില്ലാത്ത രാജ്യം എന്ന കാമ്പയിന്റെ ഭാഗമായാണ് പിഴയും ശിക്ഷയുമില്ലാതെ നിയമ ലംഘകര്‍ക്ക് മാതൃരാജ്യത്തേക്കു മടങ്ങാന്‍ മൂന്നു വര്‍ഷത്തിനു ശേഷം വീണ്ടും പൊതുമാപ്പ് പ്രഖ്യാപിച്ചത്.