കൊട്ടിയൂര്‍ പീഡനക്കേസിലെ മൂന്നു പ്രതികള്‍ കൂടി കീഴടങ്ങി

single-img
22 March 2017

കണ്ണൂര്‍: കൊട്ടിയൂര്‍ പീഡന കേസിലെ മൂന്ന് മുതല്‍ അഞ്ച് വരെ പ്രതികള്‍ പേരാവൂര്‍ സിഐ ഓഫിസിലെത്തി കീഴടങ്ങി. തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലെ ഡോ. ടെസി ജോസ്, ഡോ. ഹൈദരലി, അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ആന്‍സി മാത്യു എന്നിവരാണു പേരാവൂര്‍ സിഐ എന്‍. സുനില്‍കുമാറിനു മുന്‍പില്‍ ഇന്നു രാവിലെ 6.45നു കീഴടങ്ങിയത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി മൊഴിയെടുത്തു തുടങ്ങി. അല്‍പ സമയത്തിനകം വൈദ്യ പരിശോധന നടത്താന്‍ കൊണ്ടുപോകും. തുടര്‍ന്നു തലശ്ശേരി പോക്‌സോ കോടതിയില്‍ ഹാജരാക്കും.

ഇവര്‍ക്കു ജാമ്യം നല്‍കാന്‍ നിര്‍ദേശം ഉള്ളതുകൊണ്ടുതന്നെ ഇന്നുതന്നെ ജാമ്യം ലഭിച്ചേക്കും. കഴിഞ്ഞ ദിവസം ഇവരുടെ മൂന്നുപേരുടെയും മുന്‍കൂര്‍ ജാമ്യ ഹര്‍ജി തലശ്ശേരി പോക്‌സോ കോടതി പരിഗണിച്ചിരുന്നു. മറ്റു മൂന്നുപേര്‍ക്കു നല്‍കിയ അതേ ഇളവുകളും നിര്‍ദേശങ്ങളും ഇവര്‍ക്കും അനുവദിക്കുകയായിരുന്നു. അഞ്ച് ദിവസത്തിനുള്ളില്‍ കീഴടങ്ങാന്‍ പോക്‌സോ കോടതി നിര്‍ദേശിച്ചിരുന്നു.

ആറും ഏഴും പ്രതികളാണ് ഇനി കീഴടങ്ങാനുള്ളത്. സിസ്റ്റര്‍ ലിസ്മരിയ, സിസ്റ്റര്‍ അനീറ്റ എന്നിവരാണ് ഇനി അറസ്റ്റിലാകാനുള്ളത്. ഒഫീലിയ, ഫാദര്‍ തോമസ് ജോസഫ് തേരകം, ഡോ. ബെറ്റി ജോസ് എന്നിവര്‍ കഴിഞ്ഞ ദിവസം കീഴടങ്ങി ജാമ്യം നേടിയിരുന്നു. രണ്ടാം പ്രതി തങ്കമ്മ നെല്ലിയാനിയും കീഴടങ്ങിയിരുന്നു.