കൂട്ടികള്‍ക്കു നേരെ നടക്കുന്ന അധിക്രമങ്ങള്‍ക്കെതിരെ മോഹന്‍ലാലിന്റെ ബ്ലോഗ്- ‘കുട്ടികള്‍ക്ക് കണ്ണീരോടെ’; ചൂരലിന്റെ സ്ഥാനത്ത് ഇടിമുറി, പീഡനങ്ങള്‍ തുടര്‍ക്കഥയാകുന്നു, ഇത് എന്തൊരു ലോകമാണെന്ന് മോഹന്‍ലാല്‍

single-img
22 March 2017

തിരുവനന്തപുരം: കേരളത്തില്‍ കൊച്ചു കൂട്ടികള്‍ക്കു നേരെ നടക്കുന്ന അധിക്രമങ്ങള്‍ക്കെതിരെ മോഹന്‍ലാലിന്റെ ബ്ലോഗ്. പീഡനങ്ങള്‍ക്ക് ഇരയായ കുട്ടികള്‍ക്ക് വേണ്ടി കൈലാഷ് സത്യാര്‍ത്ഥിക്ക് നൊബേല്‍ സമ്മാനം ലഭിച്ചപ്പോള്‍, കുട്ടികള്‍ക്ക് വേണ്ടി എന്താണ് ഇത്ര മാത്രം ചെയ്യാനുള്ളതെന്ന് മനസ്സുകൊണ്ട് കരുതിയിരുന്നെന്ന് മോഹന്‍ലാല്‍. എന്നാല്‍ കേരളത്തില്‍ ജീവിക്കുമ്പോള്‍ കുട്ടികള്‍ക്ക് വേണ്ടിയാണ് നമുക്ക് ഏറെ ചെയ്യാനുള്ളതെന്നും അദ്ദേഹം തന്റെ ബ്ലോഗില്‍ കുറിക്കുന്നു. ‘കുട്ടികള്‍ക്ക് കണ്ണീരോടെ’ എന്നാണ് മോഹന്‍ലാല്‍ തന്റെ പുതിയ കുറിപ്പിന് പേരിട്ടിരിക്കുന്നത്.

അടുത്തിടെയായി കേരളം നീറുന്ന മനസ്സോടെ കേട്ട ബാലപീഡനങ്ങളുടെ പശ്ചാത്തലത്തിലാണ് ലാല്‍ ഇത്തവണ തന്റെ ബ്ലോഗ് എഴുതിയിരിക്കുന്നത്. മൂന്നും ആറും പത്തും വയസ്സുമായ കുട്ടികള്‍ വരെ പീഡിപ്പിക്കപ്പെടുന്നു, അതിന്റെ സമ്മര്‍ദ്ദം സഹിക്കാന്‍ കഴിയാതെ അവര്‍ തകര്‍ന്ന് പോകുന്നു. കുട്ടികള്‍ ആത്മഹത്യ ചെയ്ത് കൊണ്ടിരിക്കുന്നു എന്നത് എന്നെ ഏറ്റവുമധികം ഞെട്ടിച്ച കാര്യമാണ്. താന്‍ പീഡിപ്പിക്കപ്പെടുന്ന വിവരം പുറംലോകത്തോട് പറയാന്‍ പോലുമാകാതെ ഉള്ളം നീറിക്കഴിയുന്ന കൊച്ചുകുട്ടികളെ ആരാണ് രക്ഷിക്കുക? എന്നും അദ്ദേഹം ചോദിക്കുന്നു.

കുടുംബത്തില്‍ മുതല്‍ സ്‌കൂളിലും കോളെജിലും വരെ നടക്കുന്ന പല കാര്യങ്ങള്‍ അവരെ ഒരുമുഴം കയറിലേക്കും അല്‍പം വിഷമത്തിലേക്കും പുഴയുടെ ആഴങ്ങളിലേക്കും പോകാന്‍ പ്രേരിപ്പിക്കുന്നു. പൂര്‍ണമായും വിടരുംമുന്‍പേ അങ്ങനെ മരണത്തെ വരിച്ച എല്ലാ മുകുളങ്ങള്‍ക്കും കണ്ണീര്‍ പ്രണാമമപ്പിക്കുന്നതോടൊപ്പം എന്താണ് നമുക്കും നമ്മുടെ കുട്ടികള്‍ക്കും പറ്റിയത് എന്ന ആലോചനയും എന്നില്‍ ഉയരുന്നെന്നും അദ്ദേഹം പറയുന്നു.

നിങ്ങളെ പീഡിപ്പിച്ചവരെ നിങ്ങള്‍തന്നെ ചൂണ്ടിക്കാട്ടുക. അല്ലെങ്കില്‍ അവര്‍ എന്നും നമുക്കിടയില്‍ മാന്യരായി, ശിക്ഷപോലും ലഭിക്കാതെ ജീവിക്കും. നിങ്ങളുടെ തോല്‍വിയില്‍ പതറാതിരിക്കുക. മനുഷ്യന്റെ വിജയങ്ങളുടെ ചരിത്രത്തില്‍ തോല്‍വികൂടി അടങ്ങിയിരിക്കുന്നു.

അച്ഛനും സഹോദരനും അമ്മാവനും മുത്തശ്ശന്‍ പോലും അവരെ പലതരത്തില്‍ പീഡിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്യുന്നവരോട് എനിക്ക് ഒന്നും പറയാനില്ല. കാരണം അവര്‍ ഉപദേശിക്കപ്പെടുവാന്‍പോലും അര്‍ഹത ഇല്ലാത്തവരാണ്. എത്രയും വേഗത്തില്‍ കഠിനമായ ശിക്ഷ അവര്‍ക്ക് നല്‍കുക എന്നത് മാത്രമാണ് പ്രതിവിധിയെന്നും ലാല്‍ ബ്ലോഗില്‍ കുറിച്ചു.

താന്‍ പീഡിപ്പിക്കപ്പെടുന്ന വിവരം പുറം ലോകത്തോട് പറയാന്‍ പോലുമാകാതെ ഉള്ളം നീറി കഴിയുന്ന കൊച്ചു കൂട്ടികളുടെ മുഖം ഉള്ളില്‍ നിറയുന്നുണ്ട്. ആവരെ ആരാണ് സംരക്ഷിക്കുക? അവര്‍ക്ക് ആരാണ് വെളിച്ചവും സാന്ത്വനവുമാകുക? തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ സ്വയം ചോദിച്ചാണ് മോഹന്‍ലാല്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.