രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചെത്തിയ ഫെയ്‌സ് ബുക്ക് പോസ്റ്റിനു പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍. മഹേഷ് പാര്‍ട്ടി വിട്ടു

single-img
22 March 2017

കൊല്ലം: രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍. മഹേഷ് പാര്‍ട്ടി വിട്ടു. തല്‍ക്കാലം മറ്റു പാര്‍ട്ടികളിലേക്കില്ലെന്നും രാഷ്ട്രീയം വിടുകയാണെന്നും മറ്റു തൊഴില്‍ ചെയ്തു ജീവിക്കുമെന്നും മഹേഷ് അറിയിച്ചു.

രാഷ്ട്രീയ പ്രവര്‍ത്തനം തന്നെ വിടുകയാണ്. കാര്യങ്ങള്‍ ചീഞ്ഞു നാറുകയാണ്. ഇനിയും രാഷ്ട്രീയത്തില്‍ തുടരാന്‍ സാധിക്കില്ല. രാഷ്ട്രീയത്തില്‍ നിന്നും ഒന്നും ഉണ്ടാക്കിയിട്ടില്ല ഒന്നും ഉണ്ടാക്കണമെന്നും ആഗ്രഹിച്ചിട്ടില്ല. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇനിയും ഇടപെടും രാജിക്കാര്യം അറിയിച്ചശേഷം മഹേഷ് വ്യക്തമാക്കി. പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കാന്‍ കഴിയില്ലെങ്കില്‍ രാഹുല്‍ ഗാന്ധി സ്ഥാനം ഒഴിയണമെന്നായിരുന്നു മഹേഷിന്റെ പ്രതികരണം.

‘ബഹുമാനപ്പെട്ട രാഹുല്‍ ഗാന്ധിക്ക് നേതൃത്വം ഏറ്റെടുത്ത് മുന്നില്‍ നിന്ന് നയിക്കാന്‍ താല്‍പര്യം ഇല്ലെങ്കില്‍ അദ്ദേഹം ഒഴിയണം. ഒരു മഹത്തായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ രാജ്യം മുഴുവന്‍ പടര്‍ന്ന് പന്തലിച്ചിരുന്ന വേരുകള്‍ അറ്റ് പോകുന്നത് അങ്ങ് കണ്ണു തുറന്ന് കാണണം’. എന്നായിരുന്നു രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് മഹേഷ് നടത്തിയ പരാമര്‍ശം.

കെഎസ്‌യു വളര്‍ത്തി വലുതാക്കിയ എ.കെ.ആന്റണി ഡല്‍ഹിയില്‍ മൗനിബാബയായി തുടരുകയാണ്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് രാജ്യത്ത് മരിക്കാതിരിക്കാന്‍ ഞങ്ങള്‍ മരിക്കാനും തയ്യാറാണ്. പക്ഷേ, ഇനിയും ഈ സ്ഥിരം സെറ്റില്‍മെന്റ് രാഷ്ട്രീയം, ഗ്രൂപ്പ് കളി, തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ കാല് വാരല്‍, അഴിമതി, അവിഹിത ധന സമ്പാദനം, പ്രത്യയശാസ്ത്ര പരമായ പാപ്പരത്വം, വിഴുപ്പലക്കല്‍ എന്നിങ്ങനെയുള്ള സ്ഥിരം നിര്‍ഗുണങ്ങളുമായി മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും മഹേഷ് പറഞ്ഞിരുന്നു.

കൊല്ലത്തെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്നു മഹേഷ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കരുനാഗപ്പള്ളിയില്‍ നേരിയ വോട്ടുകള്‍ക്കാണ് സി.ആര്‍. മഹേഷ് തോറ്റത്.