‘ആരാണ് കേരളത്തിലെ പോലീസിനെ നിയന്ത്രിക്കുന്നത് പിണറായി വിജയനോ കുമ്മനം രാജശേഖരനോ’ ആഭ്യന്തരവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി.ടി ബല്‍റാം

single-img
22 March 2017

കണ്ണൂര്‍: തലശ്ശേരിയില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ചിരുന്ന വേദിക്ക് അരികില്‍ ബോംബെറിഞ്ഞ സംഭവത്തിലെ പ്രതികളെ പൊലീസ് ഇതുവരെ പിടികൂടിയില്ലെന്ന ആരോപണവുമായി എംഎല്‍എ വി.ടി ബല്‍റാം. ആരാണ് കേരളത്തിലെ പോലീസിനെ നിയന്ത്രിക്കുന്നത്, പിണറായി വിജയനോ കുമ്മനം രാജശേഖരനോയെന്ന് ആഭ്യന്തരവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിതച്ചാണ് കോണ്‍ഗ്രസ് എംഎല്‍െ രംഗത്തെത്തിയത്.

മുന്‍ ആഭ്യന്തരമന്ത്രി കൂടിയായ കോടിയേരിക്കെതിരെ സിപിഐഎം ശക്തികേന്ദ്രമായ തലശ്ശേരിയില്‍വെച്ചാണ് ആക്രമണത്തിനുളള ശ്രമം ഉണ്ടാകുന്നത്. നിയമസഭയില്‍ തലശ്ശേരിയിലെ ബോംബാക്രമണം സംബന്ധിച്ച് ചോദിച്ച ചോദ്യവും അതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടിയും വ്യക്തമാക്കിയാണ് ബല്‍റാമിന്റെ ആരോപണങ്ങള്‍.

മാര്‍ച്ച് ഏഴിനാണ് നിയമസഭയില്‍ വി.ടി ബല്‍റാം ഇത് സംബന്ധിച്ച ചോദ്യം ഉന്നയിക്കുന്നത്. കേസിലെ ആറുപ്രതികളെ രണ്ട് മാസമായിട്ടും ഇതുവരെ സംസ്ഥാന പോലീസിന് അറസ്റ്റ് ചെയ്യാന്‍ പോലും കഴിഞ്ഞിട്ടില്ലെന്നും ബലറാം പറഞ്ഞു. എന്നാല്‍ ന്യൂമാഹി പൊലീസ് സംഭവത്തില്‍ കേസ് എടുത്തിരുന്നുവെന്നും ബിജെപി പ്രവര്‍ത്തകരായ ആറുപേരാണ് പ്രതികളെന്നും ഇവരെ ഇതുവരെ അറസ്റ്റ് ചെയ്തില്ലെന്നും മുഖ്യമന്ത്രി ബല്‍റാമിന് കൊടുത്ത മറുപടിയില്‍ വ്യക്തമാക്കുന്നു.

2017 ജനുവരി 26ന് രാത്രിയിലാണ് തലശ്ശേരിയില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ചു കൊണ്ടിരിക്കേ ചടങ്ങിനു നേരെ ബോംബേറ് നടന്നത്. തലശ്ശേരി നങ്ങാറത്ത് പീടികയിലായിരുന്നു സംഭവം.

കോടിയേരി പ്രസംഗിക്കാന്‍ എത്തിയപ്പോഴായിരുന്നു ബോംബേറ് നടന്നതെന്നും ബൈക്കിലെത്തിയ സംഘമാണ് ബോംബേറ് നടത്തിയതെന്നും അന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു. സംഭവത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഐഎം ആരോപിച്ചിരുന്നു. എന്നാല്‍ സംഭവത്തില്‍ ബിജെപിക്ക് പങ്കില്ലെന്നും പൊട്ടിയത് സിപിഐഎമ്മുകാരുടെ കയ്യിലിരുന്ന ബോംബാണെന്നുമായിരുന്നു ബിജെപിയുടെ വാദം.