ഉത്തര കൊറിയയുടെ മിസൈല്‍ വിക്ഷേപിച്ച ഉടനെ പൊട്ടിത്തെറിച്ചു; പരീക്ഷണം വന്‍പരാജയമെന്ന് അമേരിക്കയും ദക്ഷിണകൊറിയയും

single-img
22 March 2017

സോള്‍: ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടെന്ന് അമേരിക്കയും ദക്ഷിണകൊറിയയും. അത്യാധുനിക മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടതായി വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച നടന്ന പരീക്ഷണം പൂര്‍ണപരാജയമായിരുന്നു.

മിസൈല്‍ വിക്ഷേപിച്ച ഉടനെ പൊട്ടിത്തെറിച്ചെന്നാണ് യുഎസ് മിലിറ്ററി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നത്. വിക്ഷേപിച്ച് സെക്കന്റുകള്‍ക്കുള്ളില്‍ മിസൈല്‍ പൊട്ടിത്തെറിച്ചു. കൊറിയന്‍ തീരപ്രദേശമായ വൊന്‍സനില്‍ നിന്നാണ് വിക്ഷേപിച്ചതെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു.

അതേസമയം എന്തുതരം മിസൈലാണ് ഉത്തരകൊറിയ വിക്ഷേപിച്ചതെന്ന് വ്യക്തമല്ലെന്ന് ദക്ഷിണ കൊറിയന്‍ സൈന്യം വ്യക്തമാക്കി. മിസൈല്‍ പരീക്ഷണവും പൊട്ടിത്തെറിയും ദക്ഷിണ കൊറിയയുടെ റഡാറില്‍ കണ്ടെത്തിയിട്ടുണ്ട്.

ദക്ഷിണ കൊറിയ, അമേരിക്ക, ജപ്പാന്‍ രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങള്‍. എന്നാല്‍ ഉത്തര കൊറിയയുടെ തുടര്‍ച്ചയായുള്ള മിസൈല്‍ പരീക്ഷണങ്ങള്‍ മേഖലയിലും അയല്‍രാജ്യങ്ങളിലും ആശങ്ക പടര്‍ത്തുന്നുണ്ട്.

നേരത്തെ, ഉയര്‍ന്ന ശക്തിയുള്ള പുതിയ റോക്കറ്റ് എന്‍ജിന്റെ ഭൂതല പരീക്ഷണം ഉത്തര കൊറിയ വിജയകരമായി നടത്തിയിരുന്നു. ഏകാധിപതി കിം ജോങ് ഉന്നിന്റെ സാന്നിധ്യത്തിലായിരുന്നു ഇത്. രാജ്യത്തിന്റെ ചരിത്രത്തിലെ വിപ്ലവകരമായ മുന്നേറ്റമെന്നാണ് രാജ്യത്തെ ഔദ്യോഗിക മാധ്യമം കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി പരീക്ഷണത്തെ വിശേഷിപ്പിച്ചത്.

ദീര്‍ഘദൂര മിസൈല്‍ പരീക്ഷണങ്ങളില്‍നിന്ന് ഉത്തര കൊറിയയെ ഐക്യരാഷ്ട്ര സംഘടന തടഞ്ഞിട്ടുണ്ട്. എന്നാല്‍ സമാധാനപരമായ കാര്യങ്ങള്‍ക്കാണ് തങ്ങള്‍ പരീക്ഷണം നടത്തുന്നതെന്നാണ് ഉത്തര കൊറിയയുടെ വാദം.