സ്വകാര്യ കമ്പനികളില്‍ നിന്ന് ഇന്ത്യന്‍ റെയില്‍വേ വെള്ളം വാങ്ങുന്നു; അന്താരാഷ്ട്ര ജലദിനത്തിന്റെ ഭാഗമായാണ് പുതിയ ജലനയം പ്രഖ്യാപിച്ചത്

single-img
22 March 2017

പുതിയ ജലനയത്തിന്റെ ഭാഗാമയി സ്വകാര്യ കമ്പനികളില്‍ നിന്ന് ഇന്ത്യന്‍ റെയില്‍വേ വെള്ളം വാങ്ങാന്‍ തീരുമാനം. ലിറ്ററിന് രണ്ട് പൈസ നിരക്കില്‍ വെള്ളം വാങ്ങി 400 കോടി രൂപ പ്രതിവര്‍ഷം ലാഭിക്കാനാകുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ. മെയില്‍, എക്‌സ്പ്രസ് ട്രയിനുകളില്‍ വെയ്റ്റിംഗ് ലിസ്റ്റിലുള്ളവര്‍ക്ക് ശതാബ്ദി, രാജധാനി ട്രയിനുകളില്‍ യാത്ര ചെയ്യാനുള്ള സൗകര്യം അടുത്ത മാസം ഒന്ന് മുതല്‍ നിലവില്‍ വരും.

നിലവില്‍ സംസ്ഥാനങ്ങളില്‍ നിന്ന് ലിറ്ററിന് ഏഴ് പൈസ നിരക്കിലാണ് റെയില്‍വേ കുടിയ്ക്കാനല്ലാത്ത വെള്ളം വാങ്ങുന്നത്. 4000 കോടി രൂപയാണ് പ്രതിവര്‍ഷം ഇതിനായി ചെലവഴിക്കുന്നത്. ഇതിന് പകരം ശുദ്ധീകരിച്ച വെള്ളം സ്വകാര്യകമ്പനികളുടെ സഹായത്തോടെ നിര്‍മ്മിക്കുന്ന ജല സംസ്‌കരണ പ്ലാന്റില്‍ നിന്ന് ലിറ്ററിന് രണ്ട് പൈസ നിരക്കില്‍ വാങ്ങും. ഇതുഴി 400 കോടി രൂപ വരെ പ്രതി വര്‍ഷം ലാഭിക്കാനാകുമെന്നാണ് റെയില്‍വേയുടെ കണക്ക് കൂട്ടല്‍.

ഉപയോഗിച്ച ജലം ശുദ്ധീകരിച്ചാണ് സ്വകാര്യ കമ്പനികള്‍ റെയില്‍വേക്ക് കൈമാറുക. കുടിക്കാനല്ലാത്ത ആവശ്യങ്ങള്‍ക്ക് ഈ വെള്ളം ഉപയോഗിക്കും. അന്താരാഷ്ട്ര ജലദിനത്തിന്റെ ഭാഗമായാണ് പുതിയ ജലനയം പ്രഖ്യാപിച്ചത്. എല്ലാ റെയില്‍വേ കെട്ടിടങ്ങളിലും മഴവെള്ള സംഭരണികള്‍ സ്ഥാപിക്കും. കൃത്യമായ ഇടവേളകളില്‍ കണക്കെടുപ്പും നടത്തും.

മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് അടുത്തമാസം ഒന്ന് മുതല്‍ പ്രീമിയം ട്രെയിനുകളിലും യാത്ര ചെയ്യാം. വെയ്റ്റിങ് ലിസ്റ്റിലുള്ളവര്‍ക്കാണ് പോകേണ്ട സ്ഥലത്തേക്ക് രാജധാനി, ശതാബ്ദി ട്രെയിനുകള്‍, തുരന്തോ ട്രെയിനുകളില്‍ സീറ്റൊഴിവുണ്ടെങ്കില്‍ യാത്രചെയ്യാന്‍ യാത്ര ചെയ്യാന്‍ കഴിയുക.

പ്രീമിയം ട്രെയിനുകളില്‍ ആളില്ലാതെ സര്‍വ്വീസ് നടത്തുന്നത് ഒഴിവാക്കാനാണ് റെയില്‍വ്വേയുടെ പുതിയ പദ്ധതി. ബുക്ക് ചെയ്യുമ്പോള്‍ വികല്‍പ്പ് എന്ന് പേരിട്ടിരിക്കുന്ന പുതിയ പദ്ധതി തെരഞ്ഞെടുക്കാന്‍ യാത്രക്കാര്‍ക്ക് അവസരമുണ്ട്.