നോട്ട് മാറല്‍: സര്‍ക്കാരിനും റിസര്‍വ് ബാങ്കിനും സുപ്രീം കോടതി നോട്ടീസ്

single-img
22 March 2017

ന്യൂഡല്‍ഹി: അസാധുവാക്കിയ പഴയ നോട്ടുകള്‍ മാറാന്‍ ഡിസംബര്‍ 30ന് ശേഷം പ്രത്യേക അവസരം നല്‍കാത്തതില്‍ റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും വിശദീകരണം നല്‍കണമെന്ന് സുപ്രീംകോടതി.

അസാധുവാക്കിയ 1000, 500 നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 30 ന് അവസാനിപ്പിച്ച സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കോടതി വിശദീകരണം തേടിയത്. രണ്ടാഴ്ചക്കകം വിശദീകരണം നല്‍കാനാണ് അറ്റോര്‍ണി ജനറലിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് ഇനി അടുത്ത മാസം 11ന് വാദം കേള്‍ക്കും.

മാര്‍ച്ച് അവസാനം വരെ നോട്ടുകള്‍ മാറ്റിയെടുക്കാമെന്നു പ്രധാനമന്ത്രി നല്‍കിയ വാഗ്ദാനം മറികടന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നു ചോദിച്ച കോടതി, വിദേശ ഇന്ത്യാക്കാാര്‍ക്കു വേണ്ടി സജ്ജമാക്കിയിരിക്കുന്നതു പോലെ ഡിസംബര്‍ 30നു മുന്പ് നോട്ട് മാറ്റിയെടുക്കാനാവാത്തവര്‍ക്കായി പ്രത്യേക സംവിധാനം ഒരുക്കാമായിരുന്നില്ലേയെന്നും ആരാഞ്ഞു. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഒരു കാര്യം ജനങ്ങള്‍ക്ക് ഒരു അവസരം നല്‍കാതെ മറികടക്കുന്നത് കഴിവില്ലായ്മയാണെന്ന് കോടതി പറഞ്ഞു

നോട്ട് മാറ്റാന്‍ കഴിയാത്തവര്‍ക്ക് പ്രത്യേക അവസരം നല്‍കാന്‍ പാര്‍ലമെന്റ് സര്‍ക്കാരിന് അനുമതി നല്‍കിയിരുന്നുവെന്ന് അറ്റോര്‍ണി ജനറല്‍ മുമ്പ് സൂചിപ്പിച്ച കാര്യം കോടതി ഓര്‍മിപ്പിച്ചു. എന്നാല്‍ അങ്ങനെ ചെയ്യുന്നത് ഉചിതമായിരിക്കില്ലെന്നാണ് കരുതിയതെന്നാണ് അറ്റോര്‍ണി ജനറല്‍ ഇന്ന് കോടതിയില്‍ അറിയിച്ചത്.

നോട്ട് മാറാന്‍ മാര്‍ച്ച് 31 വരെ സമയമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നുവെങ്കിലും ഡിസംബര്‍ 30 വരെയെന്നാണ് നിയമം അനുശാസിക്കുന്നത്. പധാനമന്ത്രി ഒരു വാഗ്ദാനം നല്‍കിയെങ്കിലും നിയമമാണ് നടപ്പിലാക്കിയതെന്നും അതില്‍ പ്രധാനമന്ത്രിയുടെ വാഗ്ദാനമില്ലെന്നും മുകുള്‍ റോഹ്തഗി വാദിച്ചു. നിയമത്തിനാണ് നിലനില്‍പെന്നും അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി.