നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ വിയ്യൂര്‍ സബ് ജയിലിലേക്ക് മാറ്റി;ജാമ്യാപേക്ഷയും ഇന്ന് പരിഗണിക്കും.

single-img
21 March 2017


വിദ്യാർഥിയെ മർദിച്ച കേസിൽ നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസിനെ റിമാൻഡ് ചെയ്തു. കൃഷ്ണദാസിനെ വിയ്യൂര്‍ സബ് ജയിലിലേക്ക് മാറ്റി. പി കൃഷ്ണദാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയും ഇന്ന് പരിഗണിക്കും

കൃഷ്ണദാസിനൊപ്പം ലീഗല്‍ അഡ്‌വൈസര്‍ സുചിത്ര, പിആര്‍ഒ വത്സലകുമാരന്‍, അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ സുകുമാരന്‍, കായിക അധ്യാപകന്‍ ഗോവിന്ദന്‍കുട്ടി, എന്നിവരെയും റിമാന്‍ഡ് ചെയ്തിരുന്നു. ഇവരുടെ ജാമ്യാപേക്ഷ വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. തട്ടിക്കൊണ്ടുപോകല്‍, ഭീഷണിമുഴക്കല്‍ എന്നിവയടക്കം ജാമ്യം ലഭിക്കാത്ത വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തിയിരുന്നു.
ലക്കിടി ജവഹർലാൽ കോളജിലെ വിദ്യാർഥി സഹീറിനെ കൃഷ്ണദാസ് മർദിച്ചെന്നും ചോദിക്കാൻ ചെന്ന രക്ഷിതാവിനെ ഭീഷണിപ്പെടുത്തിയെന്നുമാണു പരാതി. കോളജിൽ നടന്ന അനധികൃതമായ പണപ്പിരിവിനെ ചോദ്യം ചെയ്തതും ഇതിനെതിരെ പരാതി നൽകിയതുമാണ് സഹീറിനെ കൃഷ്ണദാസിന്റെയും സംഘത്തിന്റെയും കണ്ണിലെ കരടാക്കിയത്. സഹീറിനെ എട്ടു മണിക്കൂറോളമാണ് കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘം മർദ്ദിച്ചത്. പുറത്തുപറഞ്ഞാൽ റാഗിങ് കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.

പാമ്പാടി നെഹ്റു കോളജിലെ എൻജിനീയറിങ് വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തകേസിലെ ഒന്നാം പ്രതി കൂടിയാണ് അറസ്റ്റിലായ കൃഷ്ണദാസ്. ഈ കേസിൽ ഇയാൾ ജാമ്യത്തിലാണ്. ഇതിനു പിന്നാലെയാണ് ഏതാണ്ടു സമാനമായ സഹീറിന്റെ കേസിൽ ഇയാൾ അറസ്റ്റിലായത്.