മാണി യു.ഡി.എഫിലേക്ക് മടങ്ങിവരണമെന്ന് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും;മടങ്ങിവരവിന് ലീഗ് മുന്‍കൈ എടുക്കുമെന്ന് പ്രതീക്ഷ

single-img
21 March 2017


മലപ്പുറം: കെ.എം.മാണിയുടെ നേതൃത്വത്തിലുളള കേരള കോണ്‍ഗ്രസ് യു.ഡി.എഫിലേക്ക് മടങ്ങി വരണമെന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും. പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി കേരള കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വിളിച്ചത് ശുഭസൂചകമായി കാണുന്നുവെന്നും നേതാക്കള്‍ മലപ്പുറത്ത് പറഞ്ഞു.

മാണിയുടെ സാന്നിധ്യം യുഡിഎഫ് ആഗ്രഹിക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. മുന്നണിയില്‍ നിന്നും പോകാന്‍ ഒരിക്കലും കെ.എം മാണിസാറിനോട് തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് രമേശ് ചെന്നിത്തല വിശദമാക്കി. മലപ്പുറം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.എം മാണി മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയായ കുഞ്ഞാലിക്കുട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

കേരള കോണ്‍ഗ്രസ്-എമ്മിനെ യുഡിഎഫിലേക്ക് ക്ഷണിച്ച ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും മനസിന് നന്ദി അറിയിച്ച് കെ.എം.മാണി രംഗത്ത് വന്നു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മാണി. മലപ്പുറത്ത് യുഡിഎഫ് സ്ഥാനാർഥിക്ക് പാർട്ടി പിന്തുണ നൽകുന്നത് മുസ്‌ലിം ലീഗുമായും പി.കെ.കുഞ്ഞാലിക്കുട്ടിയുമായുള്ള അടുപ്പംകൊണ്ടാണ്. ഈ പിന്തുണ യുഡിഎഫിനുള്ളതായി ആരും തെറ്റിദ്ധരിക്കരുത്. യുഡിഎഫിനോടുള്ള വിരോധം കൊണ്ടല്ല കേരള കോണ്‍ഗ്രസ്-എം മുന്നണി വിട്ടത്. ശപിച്ചിട്ടല്ല താൻ ഇറങ്ങിപ്പോന്നതെന്നും വിഷമംകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിനോടോ കോണ്‍ഗ്രസിനോട് വിരോധമില്ല. അതിനാൽ പാർട്ടി സ്വീകരിച്ച നിലപാടിൽ നിന്നും പിന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നില്ല. ഒറ്റയ്ക്ക് നിൽക്കാനുള്ള തീരുമാനം ശരിയാണെന്ന് ബോധ്യപ്പെട്ടു. പാർട്ടി നയങ്ങൾ തെരഞ്ഞെടുപ്പ് അടുക്കുന്പോൾ തീരുമാനിക്കുമെന്നും കെ.എം.മാണി വ്യക്തമാക്കി.