കാസര്‍കോട് ചൂരിയില്‍ മദ്രസ അധ്യാപകനെ വെട്ടിക്കൊന്നു;മണ്ഡലത്തില്‍ മുസ്ലിംലീഗ് ഹര്‍ത്താല്‍

single-img
21 March 2017

കാസര്‍കോട്: കാസര്‍കോട് ചൂരിയില്‍ മദ്രസ അധ്യാപകനെ വെട്ടികൊലപ്പെടുത്തി. കുടക് സ്വദേശി റിയാസിനെയാണ് താമസസ്ഥലത്ത് വെട്ടികൊലപ്പെടുത്തിയത്. തിങ്കളാഴ്ച അര്‍ധ രാത്രിയോടെയായിരുന്നു സംഭവം.

താമസസ്ഥലത്ത് കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയിലാണ് റിയാസിന്റെ മൃതദേഹം കണ്ടെത്തിയത്. റിയാസിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട് നിയോജക മണ്ഡലത്തില്‍ മുസ്ലിംലീഗ് ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. ഹര്‍ത്താല്‍ വകവെക്കാതെ നഗരത്തില്‍ എത്തിയ വാഹനങ്ങള്‍ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ തടയുന്നുണ്ട്.

ചൂരി പഴയ പള്ളിയോട് അനുബന്ധിച്ചുള്ള കിടപ്പുമുറിയില്‍ കിടന്നുറങ്ങുകയായിരുന്ന റിയാസിനെ വാഹനത്തിലെത്തിയ ഒരു സംഘമാളുകള്‍ വെട്ടികൊലപ്പെടുത്തുകയായിരുന്നു.തൊട്ടടുത്ത മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന പള്ളി ഖത്തീബ് അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ ശബ്ദം കേട്ട് മുറി തുറന്നപ്പോള്‍ അക്രമികള്‍ കല്ലെറിഞ്ഞ് ഭീഷണിപ്പെടുത്തി തടഞ്ഞു. പിന്നീട് ഖത്തീബ് മൈക്കിലൂടെ സംഭവത്തെ കുറിച്ച് നാട്ടുകാരെ അറിയിക്കുകയായിരുന്നു.പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കൊലപാതകത്തെ തുടര്‍ന്ന് കാസര്‍കോട് ജില്ലയില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഉത്തരമേഖലാ എഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് സംഘം രാത്രി തന്നെ സ്ഥലത്തെത്തിയിരുന്നു.
വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമാണ് കൊലപാതകത്തിനു പിന്നിലെന്നും യഥാര്‍ത്ഥ പ്രതികളെ ഉടന്‍ പിടികൂടണമെന്നും സ്ഥലത്തെത്തിയ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ആവശ്യപ്പെട്ടു.