ഇനി മുസ്തഫയെ ടാ..തടിയാ എന്നു വിളിക്കാന്‍ ആരും ധൈര്യപ്പെടില്ല;വെറും 10 മാസം കൊണ്ട് കഠിനാധ്വാനത്തിലൂടെ തന്‌റെ ശരീരഭാരം കുറച്ച് മസില്‍മാനായിരിക്കുകയാണ് മുസ്തഫയിപ്പോൾ

single-img
21 March 2017

ചാവക്കാട്: പേരകം സ്വദേശി മുസ്തഫയെ തടിയാ.. എന്നുവിളിച്ചവരൊക്കെയും ഇനിയൊന്നു ഞെട്ടും. ചാവക്കാട് ഹൈസ്‌കൂളില്‍ കഴിഞ്ഞ വര്‍ഷം എടുത്താല്‍ പൊന്താത്ത ശരീവും വലിച്ച് ഉരുണ്ട് നീങ്ങിയിരുന്ന പന്ത്രണ്ടാം ക്ലാസ്സുകാരന്‍ മുസ്തഫ കൂട്ടുകാര്‍ക്കൊരു കൗതുകമായിരുന്നു. 137 കിലോ ശരീരഭാരമുള്ള അവനെ ‘തടിയാ’ എന്നു വിളിച്ചു കളിയാക്കാത്ത കൂട്ടുകാരും വിരളം.എന്നാല്‍ മുസ്തഫയെ കണ്ടാല്‍ പഴയ സഹപാഠികള്‍ പോലും തിരിച്ചറിയില്ല ഇപ്പോള്‍,അത്രയ്ക്ക് മാറിയിട്ടുണ്ട് മുസ്തഫ.

വെറും 10 മാസം കൊണ്ട് കഠിനാധ്വാനത്തിലൂടെ തന്‌റെ ശരീരഭാരം കുറച്ച് 77 കിലോ തൂക്കമുള്ള ഒത്ത മസില്‍മാനായിരിക്കുകയാണ് മുസ്തഫയിപ്പോള്‍.ഇതിന്റെ മുഴുവന്‍ ക്രഡിറ്റും മുസ്തഫ നല്‍കുന്നതാവട്ടെ ചാവക്കാട് ‘ട്രിപ്പില്‍ എച്ച് ‘ഫിട്നസ് സെന്ററിലെ ഷഹീര്‍ സാറിനും.

പേരകം പുത്തന്‍വീട്ടില്‍ കരീം-നദീറ ദമ്പതികളുടെ അഞ്ചുമക്കളില്‍ ഏക ആണ്‍കുട്ടിയായ മുസ്തഫയ്ക്ക് ചെറു പ്രായത്തില്‍ തന്നെ 137 കിലോ ശരീര ഭാരം പേറിയുള്ള ജീവിതം അത്ര സുഖകരമായിരുന്നില്ല. ഏഴ് വര്‍ഷം മുമ്പ് പിതാവ് മരണപ്പെട്ട മുസ്തഫ പ്ലസ്ടു കഴിഞ്ഞിറങ്ങി കെട്ടിടനിര്‍മ്മാണ തൊഴിലാളിയായി. അമിത ഭാരമുള്ള ശരീരവും വെച്ചുള്ള യാത്രയും തൊഴിലും എളുപ്പമല്ല എന്ന് മനസ്സിലാക്കിയതോടെ തടികുറയ്ക്കുന്നതിനെകുറിച്ച് മാത്രമായി ചിന്ത. തുടര്‍ന്ന് ‘ട്രിപ്പില്‍ എച്ച് ‘ഫിട്നസ് സെന്ററിലെ ഷഹീര്‍ സാറിന്റെ അടുത്തെത്തുകയായിരുന്നു.

ഷഹീറിന്റെ നേതൃത്വത്തിലുള്ള കഠിന പരിശീലനവും മുസ്തഫയുടെ ആത്മാര്‍ത്ഥമായ പരിശ്രമവുമാണ് തടിയന്‍ മുസ്തഫയെ ഇന്നത്തെ മസില്‍മാന്‍ ആക്കിമാറ്റിയത്. ഭക്ഷണത്തിലും കൃത്യമായ മെനു പാലിച്ചിരുന്നു. ദിവസവും രണ്ടു ചപ്പാത്തി, അല്പം ഓട്‌സ്, വല്ലപ്പോഴും മാത്രം ഉച്ചക്ക് കുറച്ച് ചോറ് ഇതായിരുന്നു ഭക്ഷണരീതി. കൂടാതെ ദിവസവും പത്തു കിലോമീറ്റര്‍ ഓട്ടം, ആഴ്ചയില്‍ ആറു ദിവസം മുടങ്ങാതെ എക്‌സൈസ്, ഇങ്ങനെയായിരുന്നു ഷഹീറിന്റെ പരിശീലനം. മുസ്തഫയുടെ ശരീരത്തിനനുസരിച്ചുള്ള പ്രത്യേക പരിശീനങ്ങള്‍ ആരംഭിച്ച് മൂന്നു മാസം കഴിഞ്ഞപ്പോഴേക്കും വ്യക്തമായ മാറ്റങ്ങള്‍ മുസ്തഫയില്‍ കണ്ടുതുടങ്ങിയതായി ട്രയിനര്‍ ഷഹീര്‍ പറഞ്ഞു.

ചിത്രത്തിനു കടപ്പാട്:ചാവക്കാട് ഓൺലൈൻ