നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് മാനെജ്‌മെന്റുകള്‍ സമരത്തിന്;നാളെ സ്വാശ്രയ കോളെജുകള്‍ അടച്ചിടും

single-img
21 March 2017

നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് മാനെജ്‌മെന്റുകള്‍ വീണ്ടും സമരത്തിന്. കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്തെ എല്ലാ സ്വാശ്രയ-പ്രൊഫഷണല്‍ കോളെജുകളും അടച്ചിടുമെന്ന് മാനെജ്‌മെന്റ് അസോസിയേഷനുകള്‍ പ്രഖ്യാപിച്ചു.

കൃഷ്ണദാസടക്കം നാലുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലീഗല്‍ അഡൈ്വസര്‍ സുചിത്ര, പിആര്‍ഒ വത്‌സല കുമാര്‍, അധ്യാപകന്‍ സുകുമാരന്‍ എന്നിവരാണ് അറസ്റ്റിലായത്. തട്ടിക്കൊണ്ടു പോകല്‍, മര്‍ദ്ദനം, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് കൃഷ്ണദാസിനെതിരെ ചുമത്തിയിരുന്നത്. ലക്കിടി കോളജിലെ വിദ്യാർഥി ഷെഹീറിനെ മർദ്ദിച്ചവശനാക്കിയ കേസിലായിരുന്നു അറസ്റ്റ്.

അതേസമയം കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഹൈക്കോടതി അതൃപ്തി അറിയിച്ചു. പോലീസ് പ്രതിക്ക് നോട്ടീസ് നൽകിയത് ജാമ്യം ലഭിക്കാവുന്ന വകുപ്പ് ചുമത്തിയാണ്. എന്നാൽ പിന്നീട് ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. ഇത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.