ബന്ധുവിനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി;മാസങ്ങൾക്ക് ശേഷം ആശയെ കുടുക്കിയത് അജ്ഞാത സന്ദേശം

single-img
21 March 2017

കൊല്ലം: രണ്ടുമാസം മുമ്പ് പോലിസ് ആത്മഹത്യയെന്ന് എഴുതിത്തള്ളിയ കേസ് കൊലപാതകമെന്ന് തെളിഞ്ഞു. പടപ്പക്കര കാട്ടുവിള പുത്തന്‍വീട്ടില്‍ ജോസ്ഫിനയുടെ മകന്‍ ഷാജി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ ഭാര്യ ആശയെ കസ്റ്റഡിയിലെടുത്തു. കുണ്ടറയില്‍ പത്തുവയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഈ കേസും പുനരന്വേഷണത്തിനെത്തിയത്. തുടര്‍ന്ന് രണ്ട് മാസത്തിന് ശേഷം ഇന്നലെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ആത്മഹത്യയെന്ന് എഴുതിത്തള്ളിയ കേസില്‍ ജോസഫിന്റെ ഭാര്യ ആശയ്ക്ക് എല്ലാ കാര്യങ്ങളും അറിയാമെന്നും അവരെ ചോദ്യം ചെയ്താല്‍ പ്രതിയെ പിടികൂടാമെന്നും പോലീസിന് അജ്ഞാത സന്ദേശം ലഭിച്ചിരുന്നു. ജനുവരി 25ന് രാവിലെയാണ് ഷാജിയെ ഭാര്യ ആശയുടെ പടപ്പക്കര എസ്.എന്‍ നഗറിലുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകന്റെ മരണവിവരം ഷാജിയുടെ മാതാവ് ജോസ്ഫിനയെ നാട്ടുകാരാണ് അറിയിച്ചത്. അമ്മയും ബന്ധുക്കളും എത്തിയപ്പോള്‍ ഷാജിയുടെ മൃതദേഹം വെള്ള പുതപ്പിച്ച് കിടത്തിയിരിക്കുന്നതാണ് കണ്ടത്. തുണി മാറ്റി നോക്കിയപ്പോള്‍ മൃതദേഹത്തില്‍ മുറിവുകളും ചതവിന്റെ പാടുകളും കണ്ടു.

സംശയം തോന്നിയ ബന്ധുക്കള്‍ ആശയോട് സംസാരിച്ചുവെങ്കിലും ഷാജി 24ന് വൈകീട്ട് അഞ്ചോടെ ഉറങ്ങാന്‍ കിടന്നതാണെന്നും രാത്രി ഭക്ഷണം കഴിക്കാന്‍ വിളിച്ചിട്ട് എഴുന്നേറ്റില്ലെന്നും 25ന് രാവിലെ നോക്കിയപ്പോള്‍ ഷാജിയെ മരിച്ചനിലയിലാണ് കണ്ടെതെന്നുമാണ് ആശ നല്‍കിയ മറുപടി. തുടര്‍ന്ന് കുണ്ടറ പോലിസില്‍ വിവരം അറിയിക്കുകയും പോലിസ് നടപടികള്‍ സ്വീകരിച്ച് മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത് സംസ്‌കരിച്ചു.
സംഭവ ദിവസം രാത്രി ഏഴ് മണിയോടെ കിടപ്പുമുറിയില്‍ കയറിയ ഷാജിയെ രാത്രി പത്ത് മണിയോടെ തൂങ്ങിയ നിലയില്‍ കണ്ടുവെന്നും കൈലി മുറിച്ച് താഴെയിട്ടുവെന്നുമാണ് ആശ പോലീസിന് നല്‍കിയ മൊഴി. എന്തുകൊണ്ട് ആശുപത്രിയില്‍ എത്തിച്ചില്ല എന്ന ചോദ്യത്തിന് വാഹനം കിട്ടിയില്ലെന്നും ആശ പറഞ്ഞു. എന്നാല്‍ ഈ വിവരം അയല്‍വാസികള്‍ പോലും അറിയാതിരുന്നത് സംശയത്തിനിടയാക്കി. മൃതദേഹ പരിശോധനയില്‍ ദേഹത്ത് മണ്ണും മുറിവും കണ്ടതും ആശയുടെ ഒരു ബന്ധു രാത്രി വീട്ടില്‍ വന്ന് മടങ്ങിയതും സംശയം ബലപ്പെടുത്തി.

ഷാജിയുടെ നാലു വയസ്സുള്ള മകനില്‍ നിന്നും ലഭിച്ച വിവരത്തില്‍ സംഭവ ദിവസം രാത്രിയില്‍ വീട്ടിലെത്തിയെന്ന് പറയുന്ന ആശയുടെ ബന്ധു ഷാജിയെ മര്‍ദിച്ചതായി പറയുന്നു.കഴുത്തുഞെരിച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍, അതേക്കുറിച്ച് അന്വേഷിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിരുന്നില്ല.കുണ്ടറയിലെ പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലുള്ള സിഐയും എസ്‌ഐയും തന്നെയാണ് ഈ കേസും അന്വേഷിച്ചിരുന്നത്.