ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ടുള്ള മധുര ദമ്പതികളുടെ വാദം പൊളിയുന്നു; ശരീരത്തിലെ അടയാളങ്ങള്‍ മായിച്ചു കളഞ്ഞിട്ടില്ല

single-img
21 March 2017


ചെന്നൈ: നടന്‍ ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ടുള്ള മധുര ദമ്പതികളുടെ വാദം പൊളിയുന്നു. ദമ്പതിമാര്‍ അവകാശപ്പെട്ടതു പോലെ ധനുഷിന്റെ ശരീരത്തില്‍ യാതൊരു അടയാളങ്ങളുമില്ല. ഇത് ഒരു തരത്തിലുള്ള ചികിത്സകൊണ്ടും മായിച്ചു കളഞ്ഞതല്ലെന്നും മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട്് നല്‍കി. മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്ത വ്യാജമാണെന്നും സംഘം വ്യക്തമാക്കി.

മധുരൈ മെഡിക്കല്‍ കോളേജിലെ എംആര്‍ വൈരമുത്തു രാജ, മീനാക്ഷി സുന്ദരം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ദമ്പതികള്‍ അവകാശപ്പെടുന്ന രീതിയില്‍ ധനുഷിന്റെ ശരീരത്തില്‍ ഒന്നുമില്ലെന്നും അതു കൃത്രിമമായി മായിച്ചതല്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ധനുഷ് തങ്ങളുടെ മകനാണെന്നവകാശപ്പെട്ട് മധുരയിലെ കതിരേശന്‍ മീനാക്ഷി ദമ്പതിമാര്‍ മദ്രാസ് ഹൈക്കോടതിയുടെ മധുരബെഞ്ചില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
ധനുഷ് തങ്ങളുടെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടുപോയതാണെന്നും പ്രായം ചെന്ന തങ്ങളുടെ ചെലവിലേക്ക് പ്രതിമാസം 65,000 രൂപ വീതം നല്‍കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ധനുഷിന്റേതെന്നു പറയപ്പെടുന്ന ജനനസര്‍ട്ടിഫിക്കറ്റുള്‍പ്പെടെയുള്ള രേഖകളും ദമ്പതിമാര്‍ ഹാജരാക്കി. ഇതു പ്രകാരമായിരുന്നു ഫെബ്രുവരി 28ന് കോടതിയില്‍ മെഡിക്കല്‍ സംഘം ധനുഷിന്റെ ദേഹത്തെ അടയാളങ്ങള്‍ പരിശോധിച്ചത്.

കേസിന്റെ തുടര്‍വിചാരണ മാര്‍ച്ച് 27ലേക്കു മാറ്റി. വൃദ്ധദമ്പതിമാരുടെ അവകാശവാദം നിഷേധിച്ച ധനുഷ്, താന്‍ നിര്‍മാതാവും സംവിധായകനുമായ കസ്തൂരിരാജയുടെയും വിജയലക്ഷ്മിയുടെയും മകനാണെന്ന് വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച ആസ്പത്രിരേഖകളും അദ്ദേഹം കോടതിയില്‍ സമര്‍പ്പിച്ചു. ദമ്പതിമാര്‍ അവകാശപ്പെട്ടതു പോലെ തന്റെ കഴുത്തിലും കൈയിലും കാക്കാപ്പുള്ളിയുണ്ടെന്നതും ധനുഷ് നിഷേധിച്ചിരുന്നു.