ഗംഗാ നദിയെ ജീവനുള്ള സത്തയായി കണക്കാക്കണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി;ഒരു മനുഷ്യന് നല്‍കുന്ന എല്ലാ നിയമാവകാശങ്ങളും ഇനി മുതല്‍ ഗംഗാനദിയ്ക്കും ലഭിക്കും

single-img
21 March 2017

ഡെറാഡൂണ്‍: ഗംഗാ നദിയെ ജീവനുള്ള സത്തയായി കണക്കാക്കണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. ഒരു മനുഷ്യന് നല്‍കുന്ന എല്ലാ നിയമാവകാശങ്ങളും ഇനി മുതല്‍ ഗംഗാനദിയ്ക്കും ലഭിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ആദ്യമായാണ് ഇന്ത്യയില്‍ ഒരു നദിയെ ജീവനുള്ള ഒന്നായി പരിഗണിക്കണമെന്ന ഉത്തരവ് കോടതി നല്‍കുന്നത്.

പുണ്യനദിയായ ഗംഗയെ മലിനമാക്കുന്നവര്‍ക്ക് മനുഷ്യരെ ഉപദ്രവിക്കുന്നന്നതിന് തുല്യമായ ശിക്ഷ നല്‍കുമെന്നും കോടതി പറഞ്ഞു. ഗംഗാ ശുചീകരണത്തിനും പരിപാലനത്തിനുമായി സര്‍ക്കാര്‍ ഗംഗ അഡ്മിനിസ്‌ട്രേഷന്‍ ബോര്‍ഡ് രൂപീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സരസ്വതി നദിയെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ എന്തുകൊണ്ട് ഗംഗാനദിയെ സംരക്ഷിക്കാനുള്ള ശ്രമങ്ങളില്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്നും കോടതി വിമര്‍ശിച്ചു. തലമുറകള്‍ക്കായി ഗംഗയെ സംരക്ഷിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം സമാനമായരീതിയില്‍ വടക്കന്‍ ദ്വീപിലെ വാങ്ങനോയ് നദി ജീവിക്കുന്ന വസ്തുവായി അംഗീകരിച്ചുകൊണ്ട് ന്യൂസിലാന്റ് പാര്‍ലമെന്റ് ബില്‍ പാസാക്കിയതോടെ പുഴയ്ക്ക് ലീഗല്‍ ഹ്യൂമണ്‍ സ്റ്റാറ്റസ് ലഭിച്ചിരുന്നു. ലോകത്തില്‍ തന്നെ ആദ്യമായി മാനുഷിക പരിഗണന ലഭിക്കുന്ന ആദ്യ നദിയാണ് വാങ്ങനോയ്. ന്യൂസിലാന്റിലെ മാവോറി വംശക്കാരുടെ 160 വര്‍ഷം നീണ്ട പോരാട്ടങ്ങളുടെ ഫലമാണിത്.