‘അനാവശ്യമായ പ്രസ്താവനകള്‍ ഒഴിവാക്കുക’; അണികള്‍ക്കിടയില്‍ സമവായത്തിന്റെ നിര്‍ദ്ദേശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

single-img
20 March 2017

ലക്നൗ: തീവ്ര ഹിന്ദുത്വ നിലപാട് പരസ്യമായി പ്രകടിപ്പിക്കുകയും വര്‍ഗീയ ചുവയുള്ള പരാമര്‍ശങ്ങളിലൂടെ സ്ഥിരം വിവാദനായകനായിരുന്ന യോഗി ആദിത്യനാഥ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ‘അനാവശ്യമായ പ്രസ്താവനകള്‍ ഒഴിവാക്കുക’ എന്നതാണ് അണികള്‍ക്കു നല്‍കിയ ആദ്യ നിര്‍ദ്ദേശം.സംസ്ഥാനത്തെ ഏതെങ്കിലും പ്രത്യേക വിഭാഗത്തില്‍പ്പെട്ടവരോട് യാതൊരുവിധ വേര്‍തിരിവുകളും കാണിക്കിക്കില്ലെന്ന് അധികാരമേറ്റതിനു ശേഷമുള്ള ആദ്യ പ്രസംഗത്തില്‍ത്തന്നെ യോഗി ആദിത്യനാഥ് ഉറപ്പും നല്‍കി.

രാമക്ഷേത്ര നിര്‍മ്മാണം, ഗോ രക്ഷ തുടങ്ങിയ വിവാദ വിഷയങ്ങളില്‍ തീവ്ര ഹിന്ദുത്വ നിലപാട് പരസ്യമായി പ്രകടിപ്പിച്ച യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത് സംസ്ഥാനത്തെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആശങ്ക ജനിപ്പിച്ചിരുന്നു. അതിനിടെയാണ് സമവായത്തിന്റെയും സമഭാവനയുടെയും ശബ്ദമായുള്ള ആദിത്യനാഥിന്റെ രംഗപ്രവേശം.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവരെ സാക്ഷി നിര്‍ത്തി ഇന്നലെ ഉച്ചയോടെയായിരുന്നു യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള 44 അംഗ മന്ത്രിസഭ ഉത്തര്‍പ്രദേശില്‍ അധികാരമേറ്റത്. കേശവ് പ്രസാദ് മൗര്യ, ദിനേശ് ശര്‍മ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ലക്നൗവിലെ കാന്‍ഷിറാം സ്മൃതി ഉപവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.

മന്ത്രിസഭയിലെ 22 പേര്‍ കാബിനറ്റ് റാങ്കുള്ളവരാണ്. ഒന്‍പതുപേര്‍ സ്വതന്ത്ര ചുമതലയുള്ളവരും 13 പേര്‍ സഹമന്ത്രിമാരുമാണ്. ബിജെപിയിലേക്കു മാറിയ യുപി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ റീത്ത ബഹുഗുണ ജോഷിയും മന്ത്രിയായി.

പുതിയ മന്ത്രിസഭ യുപിയെ ‘ഉത്തം പ്രദേശ്’ ആക്കി മാറ്റട്ടെ എന്നു പ്രധാനമന്ത്രി മോദി ആശംസിച്ചു. ‘റെക്കോര്‍ഡ് വികസനം ഉണ്ടാവും. നമ്മുടെ ഏക ലക്ഷ്യവും ആദര്‍ശവും വികസനമാകട്ടെ. യുപി വികസിക്കുന്നതോടെ ഇന്ത്യ വികസിക്കും. യുപിയിലെ യുവജനങ്ങള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിച്ചുനല്‍കണം’ ട്വിറ്റര്‍ സന്ദേശത്തിലൂടെ മോദി പറഞ്ഞു.

എല്ലാവര്‍ക്കുമൊപ്പം, ഏവരുടെയും വികസനം എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുദ്രാവാക്യത്തിലൂടെ സംസ്ഥാനത്തിന്റെ സമഗ്രവികസനമാണ് ലക്ഷ്യമിടുന്നതെന്ന് യോഗി ആദിത്യനാഥും പറഞ്ഞു.