മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയും രഹസ്യകൂടിക്കാഴ്ച നടത്തിയെന്ന് ബി.ജെ.പി; വളാഞ്ചേരിയിലെ വീട്ടില്‍വെച്ചാണ് മുഖ്യമന്ത്രി കുഞ്ഞാലിക്കുട്ടിയെ കണ്ടതെന്ന് ആരോപണം.

single-img
20 March 2017


മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനും മുസ്‌ലിം ലീഗ് നേതാവും മലപ്പുറത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ പി.കെ കുഞ്ഞാലിക്കുട്ടിയും രഹസ്യകൂടിക്കാഴ്ച നടത്തിയെന്ന ആരോപണവുമായി ബി.ജെ.പി. 18ാം തിയ്യതി വളാഞ്ചേരിയിലെ വീട്ടില്‍വെച്ചാണ് മുഖ്യമന്ത്രി കുഞ്ഞാലിക്കുട്ടിയെ കണ്ടതെന്നാണ് ആരോപണം.

ബി.ജെ.പി ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനാണ് ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേത് സൗഹൃദ മത്സരമായിരിക്കുമെന്ന് കൂടിക്കാഴ്ചയില്‍ പിണറായി വിജയന്‍ കുഞ്ഞാലിക്കുട്ടിക്ക് ഉറപ്പുനല്‍കിയെന്നും രാധാകൃഷ്ണന്‍ ആരോപിച്ചു.

അബ്ദുല്‍വഹാബ് എം.പി അടക്കം നാലോളം പേരാണ് കുഞ്ഞാലിക്കുട്ടിയുടെ വിജയം ഉറപ്പിക്കാന്‍ നടത്തിയ കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. ഒന്നര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയാണ് അവിടെ നടന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.

പിണറായിയുടെ ഈ കൂടിക്കാഴ്ചയെക്കുറിച്ച് മനസ്സിലാക്കിയാണ് മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ ഫലം സംസ്ഥാന സര്‍ക്കാറിന്റെ ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ തെരഞ്ഞെടുപ്പ് മല്‍സരത്തില്‍ സൗഹൃദമില്ലെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ കോലീബി സഖ്യമാണെന്ന കോടിയേരിയുടെ ആരോപണം അടിസ്ഥാനരഹിതമാണ്. തെരഞ്ഞെടുപ്പ് സമയത്ത് ഉയര്‍ത്തുന്ന ഇത്തരം ആരോപണങ്ങളെ കാര്യമാക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു.

ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. അതുപോലെ ജില്ലാ വൈസ് പ്രസിഡന്റാണ് ബി.ജെ.പി സ്ഥാനാര്‍ഥി. ഇതില്‍ തന്നെ സൗഹൃദം വ്യക്തമാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.കേരള കോണ്‍ഗ്രസ് എം വിളിച്ചു ചേര്‍ക്കുന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സ്ഥാനാര്‍ഥി എന്ന നിലയില്‍ പങ്കെടുക്കും. ഇതിന് യു.ഡി.എഫ് നേതാക്കളുടെ അനുമതി വാങ്ങിയിട്ടുണ്ട്. ലീഗും കോണ്‍ഗ്രസും തോളോട് തോള്‍ ചേര്‍ന്നാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.