ഇന്ത്യയില്‍ 23 വ്യാജ യൂണിവേഴ്‌സിറ്റികള്‍; ഏറ്റവും കൂടുതല്‍ അംഗീകാരമില്ലാത്ത എഞ്ചിനീയറിങ് കോളെജുകള്‍ പ്രവര്‍ത്തിക്കുന്നത് ഡല്‍ഹിയില്‍

single-img
20 March 2017

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 23 വ്യാജ യൂണിവേഴ്‌സിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യുജിസി റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ 66 കോളജുകള്‍ക്കാണ് അക്രഡിറ്റേഷന്‍ ഇല്ലാത്തത്. യുജിസിയും ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷനും പുറത്തിറക്കിയ പട്ടികയിലാണ് ഇക്കാര്യം പറയുന്നത്. 279 വ്യാജ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
ഓരോ സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്ന ഇത്തരം അംഗീകാരമില്ലാത്ത സ്ഥാപനങ്ങളുടെ പട്ടിക അതാത് സംസ്ഥാനങ്ങള്‍ക്ക് അയച്ചിട്ടുണ്ടെന്ന് യുജിസി ഔദ്യോഗിക വക്താവ് അറിയിച്ചു.

ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും വക്താവ് അറിയിച്ചു. അടുത്ത അധ്യയനവര്‍ഷം വിദ്യാര്‍ഥി പ്രവേശനം നടത്തരുതെന്ന് കാണിച്ച് ഈ സ്ഥാപനങ്ങള്‍ക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്.വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി ഈ സ്ഥാപനങ്ങളുടെ പട്ടിക പത്രങ്ങളിലും പ്രസിദ്ധീകരിക്കും.രാജ്യത്ത് ഏറ്റവും കൂടുതല്‍ അംഗീകാരമില്ലാത്ത എഞ്ചിനീയറിങ് കോളെജുകള്‍ പ്രവര്‍ത്തിക്കുന്നത് ഡല്‍ഹിയിലാണ്. ഏഴ് വ്യാജ സര്‍വ്വകലാശാലകളും ഡല്‍ഹിയിലുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ക്ക് ബിരുദം നല്‍കാനാവില്ല. ഇവയില്‍ പഠിച്ചിറങ്ങുന്നവര്‍ക്ക് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് യാതൊരു മൂല്യവും ഉണ്ടാവില്ല. വ്യാജ യൂണിവേഴ്‌സിറ്റികളുടെ പ്രവര്‍ത്തനം സംബന്ധിച്ച് അന്വേഷണം നടത്തി കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മാനവശേഷി വികസനവകുപ്പ് സഹമന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു.