കുണ്ടറ പീഡനം:അറസ്റ്റിലായ വിക്ടർ ഡാനിയലിനെ ഇന്നു കോടതിയിൽ ഹാജരാക്കും;ചെറുമകളെ പീഡിപ്പിച്ചയാളെ ജനം കൈകാര്യം ചെയ്തേക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗം.

single-img
20 March 2017


കൊല്ലം ∙ കുണ്ടറയില്‍ പീഡനത്തിരയായ പത്തുവയസ്സുകാരി മരിച്ച കേസിൽ പ്രതിയായ മുത്തച്ഛൻ വിക്ടർ ഡാനിയലിനെ ഇന്നു കോടതിയിൽ ഹാജരാക്കും. ഇന്നലെ വൈകിട്ട് അറസ്റ്റു രേഖപ്പെടുത്തിയ വിക്ടറിനെ ഉച്ചയോടെയാകും കൊല്ലം കോടതിയിൽ എത്തിക്കുക. ഇയാളെ ജനങ്ങൾ അക്രമിക്കാൻ സാധ്യതയുണ്ടെന്നു രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പെണ്‍കുട്ടി ദുരൂഹമായി മരിച്ച സംഭവത്തില്‍ പ്രതിയും മുത്തച്ഛനുമായ വിക്ടറിനെ കുടുക്കാന്‍ സഹായിച്ചത് കുട്ടിയുടെ മുത്തശ്ശിയുടെ നിര്‍ണ്ണായക മൊഴിയാണു. വിക്ടറിനെതിരേ പെണ്‍കുട്ടികള്‍ പലപ്പോഴും പരാതി പറഞ്ഞിരുന്നതായി ഇവര്‍ പോലീസിന് മൊഴി നല്‍കി. ആദ്യമൊക്കെ മൊഴി നല്‍കാന്‍ കൂട്ടാക്കാതിരുന്ന മുത്തശ്ശി നാലു ദിവസത്തെ ചോദ്യം ചെയ്യലിനും കൗണ്‍സിലിംഗിനും ശേഷമായിരുന്നു ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്താന്‍ തയ്യാറായത്. സഹകരിക്കണമെന്നും ഇനിയുള്ള മകളെയെങ്കിലും നഷ്ടപ്പെടുത്താന്‍ കൂട്ടു നില്‍ക്കരുതെന്നും അന്വേഷണസംഘം പെണ്‍കുട്ടിയുടെ മുത്തശ്ശിയോടും മാതാവിനോടും പറഞ്ഞതോടെ ആയിരുന്നു എല്ലാം പറയാന്‍ ഇരുവരും തയ്യാറായത്.

മുത്തച്ഛന്‍ മോശമായ രീതിയില്‍ പെരുമാറുന്നതായി മകളും പേരക്കുട്ടിയും പല തവണ തന്നോട് പറഞ്ഞിരുന്നതായി മുത്തശ്ശി വെളിപ്പെടുത്തിയിട്ടുണ്ട്. മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് വരെ പെണ്‍കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായിരുന്നു എന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടും കാണിക്കുന്നത്. ആത്മഹത്യ ചെയ്യുമെന്ന് കുട്ടി പറഞ്ഞിരുന്നതായും വിവരമുണ്ട്.

ഞായറാഴ്ച വൈകീട്ടാണ് വിക്ടറിനെ പോലീസ് അറസ്റ്റ് ചെയ്തത്.അതേസമയം കേസ് തെളിയിക്കാനാകില്ലെന്ന് വിക്ടര്‍ അന്വേഷണ സംഘത്തെ വെല്ലുവിളിച്ചതായി റിപ്പോര്‍ട്ടുണ്ട്. കൊല്ലത്ത് പ്രമുഖ അഭിഭാഷകന്റെ ഗുമസ്തനായി ദീര്‍ഘകാലം ജോലി ചെയ്തിരുന്ന വിക്ടറിന് നിയമത്തിന്റെ പഴുതുകള്‍ കൃത്യമായി അറിയാമായിരുന്നെന്നും ഇതനുസരിച്ചാണ് നീങ്ങിയതെന്നുമാണ് വിവരം. എന്നാല്‍ അഭിഭാഷകന്റെ ഗുമസ്തപ്പണി വിട്ട് ഒരു ലോഡ്ജ് മാനേജരായി ഇപ്പോള്‍ ജോലി നോക്കുന്ന വിക്ടറിനെതിരേ മറ്റൊരു പെണ്‍കുട്ടിയേയും പീഡിപ്പിച്ചതിന് കേസുണ്ട്.