പാക് കസ്റ്റഡിയിലുള്ള മതപണ്ഡിതര്‍ നാളെ തിരിച്ചെത്തുമെന്ന് സുഷമ സ്വരാജ്

single-img
19 March 2017

ന്യൂഡല്‍ഹി: പാക് രഹസ്യാന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയിലുള്ള മുഖ്യപുരോഹിതനും അദ്ദേഹത്തിന്റെ മരുമകനും തിങ്കളാഴ്ച ഇന്ത്യയില്‍ തിരിച്ചെത്തുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പുരോഹിതനുമായി സംസാരിച്ചുവെന്നും ഇരുവരും സുരക്ഷിതരാണെന്നും സുഷമ സ്വരാജ് തന്റെ ഔദ്യോഗിക ട്വിറ്ററില്‍ കുറിച്ചു.

ഹസ്രത് നിസാമുദ്ദീന്‍ ദര്‍ഗയിലെ മുഖ്യ പുരോഹിതനായ സയിദ് നസീം അലി നിസാമിയെയും മരുമകനെയും കാണാതായതായി വാര്‍ത്ത പുറത്തു വന്നിരുന്നു. തുടര്‍ന്ന് ഇവര്‍ പാകിസ്താനില്‍ ഉള്ളതായി കണ്ടെത്തി. ഇവര്‍ പാക് ഇന്റലിജന്‍സ് ഏജന്‍സിയുടെ പിടിയിലാണെന്ന് പാക് അധികൃതര്‍ പിന്നീടാണ് വെളിപ്പെടുത്തിയത്.മുത്താഹിദാ ക്വാമി പ്രസ്ഥാനവുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

സയിദ് ആസിഫ് നിസാമിനെയും മരുമകന്‍ നാസിം അലി നിസാമിനെയും അലാമ ഇക്ബാല്‍ വിമാനത്താവളത്തില്‍നിന്ന് മാര്‍ച്ച് 14-നാണ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്.മുത്താഹിദാ ക്വാമി പാര്‍ട്ടിയുമായി ഇവര്‍ക്ക് ബന്ധമില്ലെന്നുതെളിഞ്ഞാല്‍ ഇവരെ കസ്റ്റഡിയില്‍നിന്ന് വിട്ടയക്കുമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.

1980-ല്‍ രൂപവത്കരിച്ച മുത്താഹിദാ ക്വാമി പാര്‍ട്ടിക്ക് 1947-ലെ വിഭജനകാലത്ത് ഇന്ത്യയില്‍നിന്ന് കുടിയേറിയവര്‍ക്ക് പ്രാതിനിധ്യമുള്ള തെക്കന്‍ സിന്ധ് പ്രവിശ്യയിലും കറാച്ചി, ഹൈദരാബാദ്, മിര്‍പുര്‍ഖാസ്, സുക്കൂര്‍ മേഖലയിലും ശക്തമായ വേരോട്ടമുണ്ട്. കഴിഞ്ഞവര്‍ഷം കറാച്ചിയില്‍നടന്ന നിരാഹാരസമരത്തില്‍ പാര്‍ട്ടിനേതാവ് ഹുസ്സൈന്‍ നടത്തിയ പാകിസ്താന്‍വിരുദ്ധ പരാമര്‍ശത്തെത്തുടര്‍ന്ന് പാര്‍ട്ടിയെ നിരോധിച്ചിരുന്നു.