റോക്ക് ആന്‍ഡ് റോള്‍ ഇതിഹാസം ചക് ബെറി അന്തരിച്ചു

single-img
19 March 2017

മിസോറി: റോക്ക് ആന്‍ഡ് റോള്‍ സംഗീതത്തിന്റെ പിതാവായി കണക്കാക്കുന്ന ചക് ബെറി അന്തരിച്ചു. 90 വയസ്സായിരുന്നു. മിസൂറി സെന്റ് ചാള്‍സ് കൌണ്ടിയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം ബെറിയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് .മരണവിവരം ലോകത്തെ അറിയിച്ചത്.

മികച്ച ഗിറ്റാറിസ്റ്റ് മാത്രമല്ല, ഗായകനും, പാട്ടെഴുത്തുകാരനുമൊക്കെയായി സംഗീതലോകത്തെ വിസ്മയിപ്പിച്ച പ്രതിഭാശാലിയാണ് ചക്ക് ബെറി. സംഗീത ലോകത്ത് എത്തുന്നതിനു മുമ്പ് ഫോട്ടോഗ്രാഫറായും ബാര്‍ബറായും ചക് ബറി ജോലി ചെയ്തിട്ടുണ്ട്. നൊബേല്‍ സമ്മാനം നേടിയ ഗായകന്‍ ബോബ് ഡിലന്‍, ചക് ബെറിയുടെ കടുത്ത ആരാധകനാണ്.

പല പ്രദേശങ്ങളിലായി ചിതറിക്കിടന്ന പാട്ടു സംസ്‌കാരങ്ങള്‍ എല്ലാം കൂടെ ഒത്തുചേര്‍ന്ന് റോക്ക് ആന്‍ഡ് റോള്‍ എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയത് അമ്പതുകളോടെയാണ്. ബെറിയുടെ റോക്ക് ആന്‍ഡ് റോള്‍ മ്യൂസിക് എന്ന ആല്‍ബം ചരിത്രം കുറിച്ചു. ആഫ്രിക്കന്‍ – അമേരിക്കന്‍ സംഗീതശൈലികള്‍ കലര്‍ന്നുകിടക്കുന്ന ഒരു ലോകത്താണ് ബെറി തന്റെ ഗാനങ്ങള്‍ ഉയര്‍ത്തിവിട്ടത്. ലളിതമായ ഈണങ്ങളിലാണ് ബെറിയുടെ പാട്ടുകള്‍ ഏറെയും.

റോക്ക് ആന്‍ഡ് റോള്‍ സംഗീതത്തിന്, ലോകം തരുന്ന അഭിനന്ദനങ്ങള്‍ക്ക് താന്‍ അര്‍ഹനല്ലെന്ന് ബെറി 1987ല്‍ പ്രസിദ്ധീകരിച്ച തന്റെ ആത്മകഥയില്‍ പറയുന്നു. ബ്രൗണ്‍ ഐയ്ഡ് ഹാന്‍ഡ്സം മാന്‍, മായ്ബലെന്‍, നോ പര്‍ട്ടിക്കുലര്‍ പ്ലേസ് റ്റു ഗോ, റോള്‍ ഓവര്‍ ബീഥോവന്‍, സ്‌കൂള്‍ ഡേയ്സ് തുടങ്ങിയവയാണ് ബെറിയുടെ ലോകം സഞ്ചരിച്ച പാട്ടുകള്‍.

ജോണി ബി ഗുഡ്ഡീ, റോള്‍ ഓവര്‍ ബീഥോവന്‍, മായ്ബലെന്‍ തുടങ്ങിയവ ചക് ബറിയുടെ ഏറെ ജനപ്രിയ ഗാനങ്ങളാണ്. 1984 ല്‍ സമഗ്രസംഭാവനയക്ക് ഗ്രാമി അവാര്‍ഡ് നല്‍കി ചക് ബറിയെ ആദരിച്ചിട്ടുണ്ട്.