ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്തു

single-img
19 March 2017

ലഖ്നൗ : ഉത്തര്‍പ്രദേശിന്റെ പുതിയ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ലഖ്നൗവില്‍ ചേര്‍ന്ന ബിജെപി നിയമസഭാ കക്ഷി യോഗം കേശവ് പ്രസാദ് മൗര്യ, ദിനേശ് ശര്‍മ്മ എന്നിവരെ ഉപമുഖ്യമന്ത്രിമാരായും നിശ്ചയിച്ചു.

ലഖ്നൗവില്‍ ഉച്ചയ്ക്ക് 2.15 ന് നടന്ന ചടങ്ങില്‍ യോഗി ആദിത്യ നാഥും സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാര്‍, വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഉത്തര്‍പ്രദേശില്‍ ഒരാഴ്ചത്തെ അഭ്യൂഹങ്ങള്‍ക്ക് ഒടുവിലാണ് പുതിയ മുഖ്യമന്ത്രിയുടെ തീരുമാനമുണ്ടായത്. ഗോരഖ്പൂരിലായിരുന്ന യോഗി ആദിത്യനാഥിനെ പ്രത്യേക വിമാനത്തില്‍ ബിജെപി കേന്ദ്ര നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയും ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷായും മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം യോഗി ആദിത്യനാഥിനെ അറിയിക്കുകയുണ്ടായി.

1998 ല്‍ ഇരുപത്താറാം വയസില്‍ ഗോരഖ്പൂരില്‍ നിന്ന് ലോക്സഭയിലെത്തിയ ആദിത്യനാഥ്, അന്നത്തെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായിരുന്നു. പിന്നീട് തുടര്‍ച്ചയായി നാല് തവണ ഗോരഖ്പൂരില്‍ നിന്നും ആദിത്യനാഥ് ലോക്സഭയിലെത്തി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 3.12 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ആദിത്യനാഥ് വിജയിച്ചത്.രാമക്ഷേത്ര നിര്‍മ്മാണം, ഗോ രക്ഷ തുടങ്ങിയ വിവാദ വിഷയങ്ങളില്‍ തീവ്ര ഹിന്ദുത്വ നിലപാട് പരസ്യമായി പ്രകടിപ്പിച്ച നേതാവാണ് യോഗി ആദിത്യനാഥ്.

എല്ലാവര്‍ക്കുമൊപ്പം, ഏവരുടെയും വികസനം എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുദ്രാവാക്യത്തിലൂടെ സംസ്ഥാനത്തിന്റെ സമഗ്രവികസനമാണ് ലക്ഷ്യമിടുന്നതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ആഹ്ലാദപ്രകടനങ്ങളുടെ പേരില്‍ ക്രമസമാധാനപ്രശ്നമുണ്ടാകാതെ നോക്കാന്‍ ജില്ലാ ഭരണാധികാരികള്‍ക്ക് നിര്‍ദേശവും നല്‍കി.