ചിത്രയ്ക്കും എസ്പി ബാലസുബ്രഹ്മണ്യത്തിനുമെതിരെ ഇളയരാജയുടെ വക്കീല്‍ നോട്ടീസ്: തന്റെ ഗാനങ്ങള്‍ അനുവാദം കൂടാതെ വേദികളില്‍ ആലപിക്കരുതെന്ന മുന്നറിയിപ്പും

single-img
19 March 2017

ചെന്നൈ: താന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ അനുവാദം കൂടാതെ വിവിധ വേദികളില്‍ ആലപിച്ചു എന്ന് ചൂണ്ടിക്കാട്ടി ചിത്രയ്ക്കും എസ്പി ബാലസുബ്രഹ്മണ്യത്തിനുമെതിരെ ഇളയരാജയുടെ വക്കീല്‍ നോട്ടീസ്. എസ്പി ബാലസുബ്രഹ്മണ്യം തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ സംഭവം വെളിപ്പെടുത്തിയത്. പകര്‍പ്പാവകാശം ലംഘിച്ചതിനാല്‍ തങ്ങള്‍ വലിയ തുക അടയ്‌ക്കേണ്ടി വരുമെന്നാണ് നോട്ടീസിലുള്ളതെന്ന് എസ്പിബി പറയുന്നു.

എന്റെ മകന്‍ ചരണ്‍ രൂപകല്‍പ്പന ചെയ്ത എസ്പിബി 50 യുടെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ സംഗീത പരിപാടികള്‍ നടത്തി കൊണ്ടിരിക്കുകയാണിപ്പോള്‍. അതിനിടയിലാണ് വക്കീല്‍ നോട്ടീസ് ലഭിക്കുന്നത്. എനിക്കും ചിത്രയ്ക്കും ചരണിനും പരിപാടികളുടെ സംഘാടകർക്കുമെതിരെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. പകര്‍പ്പാവകാശത്തിനെക്കുറിച്ച് ഞാന്‍ അധികം ബോധവാനായിരുന്നില്ല. എന്നാല്‍ നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്. അതിനാല്‍ ഇനി വരുന്ന സംഗീത സദസ്സുകളില്‍ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ആലപിക്കാന്‍ നിയമ തടസ്സങ്ങളുണ്ടെന്നും എസ്പിബി കുറിച്ചു.

എന്നാല്‍ ഇളയരാജയുടെ ഇത്തരം വാദം തന്നെ അസംബന്ധമാണെന്നാണ് സോഷ്യല്‍ മീഡിയയിലെ എസ്ബിബി ആരാധകര്‍ ആരോപിക്കുന്നത്. ഒരു ഗാനം രൂപപ്പെടണമെങ്കില്‍ നിരവധിയാളുകളുടെ പ്രയത്‌നം ആവശ്യമാണ്. അതില്‍ സംഗീത സംവിധായകനു മാത്രമായി റോളില്ല. അപ്പോള്‍ പകര്‍പ്പവകാശം തനിച്ച് അവകാശപ്പെടുന്നതെങ്ങനെ എന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു.

ഒരു സിനിമയെ സംബന്ധിച്ച് അതിന്റെ നിര്‍മാതാവാണ് ഏറ്റവും പ്രധാനപ്പെട്ടയാള്‍. അതിനാല്‍ത്തന്നെ പാട്ടുകളുടെ അവകാശവും നിര്‍മാതാവിനാകുമെന്നും അഭിപ്രായമുയരുന്നുണ്ട്. നേരത്തേയും ഗായകര്‍ തന്റെ പാട്ടുകള്‍ അനുവാദം ചോദിക്കാതെ ആലപിക്കുന്നതിനെതിരെ ഇളയരാജ രംഗത്തുവന്നിരുന്നു.