പൊതുജനങ്ങളുടെ പണമുപയോഗിച്ച് രാഷ്ട്രീയക്കാര്‍ക്ക് സംരക്ഷണം നല്‍കേണ്ടതില്ലെന്ന് ബോംബെ ഹൈക്കോടതി:രാഷ്ട്രീയക്കാരുടെ സംരക്ഷണം അവരവരുടെ പാര്‍ട്ടി ഏറ്റെടുക്കണം

single-img
18 March 2017


മുംബൈ:പൊതു ജനങ്ങളുടെ പണം ഉപയോഗിച്ച് രാഷ്ട്രീയക്കാര്‍ക്ക് പോലീസ് സംരക്ഷണം നല്‍കേണ്ടതില്ലെന്ന് ബോംബെ ഹൈക്കോടതി.രാഷ്ട്രീയക്കാരുടെ സംരക്ഷണം അവരവരുടെ പാര്‍ട്ടി ഏറ്റെടുത്തുകൊള്ളുമെന്നും കോടതി വ്യക്തമാക്കി.

‘മുന്‍ നിയമസഭാംഗങ്ങളുടെയും അവരുടെ ബന്ധുക്കളുടെയുമൊക്ക സംരക്ഷണത്തിനായി നികുതിദായകരുടെ പണം ചിലവഴിക്കുന്നതെന്തിന്?ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് ഗിരീഷ് കുല്‍ക്കര്‍ണിയുമുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് ചോദിച്ചു.

”ചില പ്രത്യേക രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗമായതു കൊണ്ട് മാത്രം ഇവര്‍ക്ക് നിങ്ങള്‍ സംരക്ഷണം നല്‍കുന്നുവെന്നല്ലേ ഇതിനര്‍ത്ഥം.അതുകൊണ്ട് രാഷ്ട്രീയക്കാരെയും അവരുടെ ബന്ധുക്കളെയും സംരക്ഷിക്കേണ്ടത് അവരുടെ പാര്‍ട്ടി തന്നെയാണ്.ആ ചുമതല സംസ്ഥാനത്തിന്റെ ഖജനാവില്‍ കെട്ടി വെക്കേണ്ടതില്ലെന്നും’ പബ്ലിക് പ്രോസിക്യൂട്ടര്‍ അഭിനന്ദന്‍ വ്യഗ്യാനി വ്യക്തമാക്കി.

വ്യക്തികള്‍ക്ക് പോലീസ് സംരക്ഷണം നല്‍കുമ്പോഴുണ്ടാകുന്ന വന്‍ ബാധ്യതയെക്കുറിച്ച് അശോക് ഉദയ് വാറും സണ്ണി പുനാമിയയും നല്‍കിയ പൊതു താല്‍പര്യ ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

സംസ്ഥാന ഗവണ്‍മെന്റിന്റെ കണക്കനുസരിച്ച് 1034 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ പോലീസ് സംരക്ഷണം ലഭിക്കുന്നത്.കുറഞ്ഞത് ഒരാള്‍ക്ക് 4 പോലീസുകാര്‍ എന്ന തോതിലാണ് സംരക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഇതില്‍ 482 പേര്‍ ഭരണഘടനാ പരമായി യാതൊരു ചുമതലയും വഹിക്കാത്തവരുമാണ്.

തങ്ങളുടെ സംരക്ഷണത്തിനു പണം നല്‍കാനുള്ള സാമ്പത്തിക കെട്ടുറപ്പുള്ളവര്‍ക്കു തന്നെ ഗവണ്‍മെന്റ് സൗജന്യ സേവനം നടത്തുന്നതില്‍ ബഞ്ച് തങ്ങളുടെ അതൃപ്തി അറിയിച്ചു. സംരക്ഷണത്തിനായി പണം നല്‍കുന്നതില്‍ നിന്ന് ചില ആളുകളെ ഒഴിവാക്കിയ ഗവണ്‍മെന്റ് നടപടി പുനപരിശോധിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു.ആര്‍ക്കൊക്കെ ഗവണ്‍മെന്റിന് പണം നല്‍കാന്‍ കഴിയും?ആര്‍ക്കൊക്കെ കഴിയില്ല എന്ന ഒരു ലിസ്റ്റ് തയ്യാറാക്കാനുള്ള നിര്‍ദ്ദേശവും കോടതി മുന്നോട്ട് വെച്ചു.

രാഷ്ട്രീയക്കാരുടെ സംരക്ഷണത്തിന് വേണ്ടി മുംബൈയില്‍ മാത്രം ചിലവായ 21കോടിയില്‍ 15 കോടിയയോളം തിരിച്ചു പിടിച്ചെന്നും ഏകദേശം 6.85 കോടി സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ളവരില്‍ നിന്നുമായി ശേഖരിക്കണമെന്നും പബ്ലിക് പ്രോസിക്യൂട്ടറായ വഗ്യാനി കോടതിയെ അറിയിച്ചു.

സൗജന്യ സംരക്ഷണ കാര്യത്തില്‍ പോലീസും ആഭ്യന്തരവകുപ്പും ഒരു പുനര്‍വിചിന്തനം നടത്തേണ്ടതുണ്ടെന്നും അഡ്വാന്‍സ് പണം നല്‍കാത്ത സ്വകാര്യ വ്യക്തികള്‍ക്ക് സംരക്ഷണം നല്‍കേണ്ടതില്ലെന്ന തീരുമാനം ഇതിനകം ഡിപ്പാര്‍ട്ട്‌മെന്റ് എടുത്തു കഴിഞ്ഞെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.