തൃശൂരില്‍ ഭിന്നലിംഗക്കാരെ നടുറോഡിൽ തല്ലിച്ചതച്ച് പോലീസ്:ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ ചികിത്സ നിഷേധിച്ചെന്നും ആരോപണം

single-img
18 March 2017

തൃശൂര്‍:ബസ് സ്റ്റാന്റില്‍ ഭിന്നലിംഗക്കാര്‍ക്കെതിരെ പൊലീസ് അതിക്രമം. രാത്രി വീട്ടിലേക്കു പോകാനായി ഇറങ്ങിയ ഇവരെ പൊലീസ് അകാരണമായി മര്‍ദ്ദിക്കുകയായിരുന്നു.

രാഗരഞ്ജിനി, ദീപ്തി, അലീന എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ രാത്രി 11 മണിയോടെ തൃശൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ്‌ പരിസരത്തുള്ള ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് പുറത്തേക്കിറങ്ങവെ മുമ്പില്‍ ഒരു പൊലീസ് ജീപ്പ് വന്നു നിര്‍ത്തുകയും ജീപ്പില്‍ നിന്ന് ഡ്രൈവറുള്‍പ്പെടെ പുറത്തിറങ്ങി തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് ഇവര്‍ പറയുന്നത്.

ചൂരല്‍വടിയെടുത്തായിരുന്നു മര്‍ദ്ദനമെന്നും കൈകാലുകളിലും തുടയിലും നെഞ്ചിലുമെല്ലാം അടിച്ച് തങ്ങളെ ഓടിക്കുകയായിരുന്നു എന്നും ഇവര്‍ പറയുന്നു. പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് ഇവരുടെ കൈകളിലും കാലുകളിലും പൊട്ടി ചോരയൊലിക്കുന്ന നിലയിലാണ്.അടുത്തിടെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയവരും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു.

ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ ആദ്യം ചികിത്സ നിഷേധിച്ചെന്നും ഇവര്‍ ആരോപിക്കുന്നു.ആദ്യം ഒരു ഡോക്ടര്‍വന്ന് പരിശോധിച്ചെങ്കിലും, മറ്റൊരു ഡോക്ടര്‍ ഇവരെ ഇറക്കിവിടാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഇവര്‍ എല്‍ജിബിടി പ്രവര്‍ത്തകയായ ശീതള്‍ ശ്യാമിനെ ബന്ധപ്പെടുകയും, അവര്‍ ആശുപത്രിയിലെത്തുകയും ചെയ്തു. ഏറെ നേരത്തെ വാക്കുതര്‍ക്കത്തിനൊടുവിലാണ് പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്.