ഭൂമി ഏറ്റെടുത്തതിന്റെ നഷ്ടപരിഹാരം നൽകിയില്ല; പകരം സ്വർണ്ണ ശതാബ്ദി എക്സ്പ്രസ്സ് കർഷകനു നൽകാൻ റെയിൽവേയോട് കോടതി

single-img
18 March 2017

ഭൂമി ഏറ്റെടുത്തതിന്റെ നഷ്ടപരിഹാരം നൽകാൻ വിസമ്മതിച്ച റെയി‌ൽവേയോട് പകരമായി ഒരു ട്രെയിൻ നൽകാൻ കോടതിവിധി. പഞ്ചാബിലെ ലുധിയാനയിലാണു സംഭവം.

നാൽപ്പത്തിയഞ്ചുകാരനായ സമ്പുരാൻ സിംഗാണു കോടതിവിധിയിലൂടെ ട്രെയിൻ സ്വന്തമാക്കിയത്. ന്യൂഡൽഹി-അമൃത്സർ റൂട്ടിലോടുന്ന സ്വർണ്ണ ശതാബ്ദി എക്സ്പ്രസ്സിന്റെ ഉടമസ്ഥാവകാശമാണു കോടതി ഇദ്ദേഹത്തിനു പതിച്ചു നൽകിയത്. ലുധിയാന അഡിഷണൽ ജില്ലാ ജഡ്ജിയായ ജസ്പാൽ വർമ്മയുടേതാണു വിധി.

ലുധിയാന-ചണ്ഡിഗഢ് റെയില്പാതയ്ക്കായി 2007-ൽ നടത്തിയ ഭൂമി ഏറ്റെടുക്കലാണു ഈ വിചിത്രമായ കോടതിവിധിയിലേയ്ക്ക് നയിച്ച സംഭവങ്ങളുടെ തുടക്കമായത്. റെയിൽവേ അധികൃതർ ഏക്കറിനു 25 ലക്ഷം രൂപ നിശ്ചയിച്ച കൃഷിഭൂമിയുടെ വില കോടതി 50 ലക്ഷമായി ഉയർത്തി. ഇതുപ്രകാരം സമ്പുരാൻ സിംഗിനു 1.47 കോടി രൂപ കിട്ടാനുണ്ടായിരുന്നു. എന്നാൽ റെയിൽവേ ഇദ്ദേഹത്തിനു 42 ലക്ഷം രൂപ മാത്രമേ നൽകിയുള്ളൂ. മുഴുവൻ നഷ്ടപരിഹാരവും ലഭിക്കുന്നതിനായി 2012 ഇദ്ദേഹം ഫയൽ ചെയ്ത ഹർജ്ജിയിൽ കോടതിവിധി വന്നത് 2015-ലാണു. ഈ വിധിയനുസരിച്ച് സമ്പുരാൻ സിംഗിനു നൽകേണ്ട 1.05 കോടിരൂപ നൽകുന്നതിൽ റെയിൽവേ വീഴ്ച്ചവരുത്തിയതിനാലാണു ഇത്തരമൊരു വിചിത്രമായ വിധിയുണ്ടായത്.

തന്റെ സ്വന്തമായ സ്വർണ്ണശതാബ്ദി എക്സ്പ്രസ്സ് (12030 നമ്പർ ട്രെയിൻ) ലുധിയാന സ്റ്റേഷനിലെത്തിയപ്പോൾ സമ്പുരാൻ സിംഗ് അദ്ദേഹത്തിന്റെ വക്കീൽ രാകേഷ് ഗാന്ധിയോടൊപ്പം അവിടെയെത്തി. ലോക്കോപൈലറ്റിനെയും റെയിൽവേ സെക്ഷൻ എഞ്ചിനീയറേയും കണ്ടു കോടതിയുടെ ഉത്തരവ് കൈമാറി. എന്നാൽ താൻ ട്രെയിൻ സർവ്വീസ് നിറുത്താൻ ആവശ്യപ്പെടാതിരുന്നത് യാത്രക്കാരുടെ ബുദ്ധിമുട്ടോർത്താണെന്ന് സമ്പുരാൻ സിംഗ് പറഞ്ഞു.