പി.എസ്.സി പരീക്ഷകളുടെ ഉള്ളടക്കവും ഘടനയും പരിഷ്‌കരിക്കുന്നു:ജോലി ചെയ്യുന്നതിനാവശ്യമായ അറിവു വിലയിരുത്തുന്ന രീതിയില്‍ സിലബസും ചോദ്യബാങ്കും പരിഷ്‌കരിക്കും

single-img
17 March 2017

 

psc exam തിരുവനന്തപുരം:വിവിധ തസ്തികകളിലേക്കുള്ള പിഎസ്‌സി തിരഞ്ഞെടുപ്പു പരീക്ഷകളുടെ ഉള്ളടക്കവും ഘടനയും പരിഷ്‌കരിക്കുന്നു. നാലു രീതിയിലുള്ള മാറ്റമാണ് പരിഗണനയില്‍

ലക്ഷക്കണക്കിന് ആളുകള്‍ അപേക്ഷിക്കുന്ന പല തസ്തികകളിലും ഇപ്പോള്‍ ഒരു പരീക്ഷ മാത്രമാണ് ഉള്ളത്. ഇന്റര്‍വ്യൂ ഉള്‍പ്പെടെ മറ്റു വിലയിരുത്തലുകളൊന്നുമില്ല. അതിനു പകരം പ്രാഥമിക പരീക്ഷ,തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അന്തിമ പരീക്ഷ എന്നിങ്ങനെ രണ്ടു ഘട്ടമായിട്ടുള്ള ഘടന.

ഓരോ ജോലിക്കും ആവശ്യമായ അറിവു വിലയിരുത്താനുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുക. വിവിധ വകുപ്പുകളിലെ വിവിധ തസ്തികകളില്‍ ജോലി ചെയ്യേണ്ടവര്‍ക്കു വ്യത്യസ്ത അറിവാണു വേണ്ടത്. എല്ലാ പരീക്ഷയ്ക്കും ചരിത്രവും തത്വശാസ്ത്രവും പൊതുവിജ്ഞാനവും ചോദിക്കുന്നതിനു പകരം ജോലി നിര്‍വഹിക്കുന്നതിനുള്ള അറിവും ബന്ധപ്പെട്ട കാര്യങ്ങളും വിലയിരുത്തും.

വിവിധ വകുപ്പുകളില്‍ ഒരേ വിദ്യാഭ്യാസ യോഗ്യതയും ഒരേ ശമ്പളവുമുള്ള ഒട്ടേറെ തസ്തികകളിലേക്കു പിഎസ്സി പരീക്ഷ നടത്തുന്നുണ്ട്. ഇവയ്ക്കു പകരം ഏകീകൃത പരീക്ഷ രണ്ടു ഘട്ടങ്ങളായി നടത്തുക.

ഉദ്യോഗാര്‍ഥികളുടെ വിദ്യാഭ്യാസ നിലവാരത്തിന് അനുസരിച്ച് അഞ്ചു തലങ്ങളിലുള്ള ലക്ഷക്കണക്കിനു ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന ചോദ്യ ബാങ്ക് തയാറാക്കുന്നതും പരിഗണനയിലുണ്ട്.

പത്താം ക്ലാസ് പാസാകാത്തവര്‍, പാസായവര്‍, ഹയര്‍സെക്കന്‍ഡറിക്കാര്‍, ബിരുദധാരികള്‍, ബിരുദാനന്തര ബിരുദക്കാര്‍ എന്നിങ്ങനെ അഞ്ചു നിലവാരത്തിലുള്ള ചോദ്യങ്ങളാണു ഉദ്യോഗാര്‍ഥികള്‍ക്കുവേണ്ടി തയാറാക്കേണ്ടത്. വലിയ വിഷയങ്ങള്‍ക്കു ലക്ഷക്കണക്കിനും ചെറിയ വിഷയങ്ങള്‍ക്കു പതിനായിരക്കണക്കിനും ചോദ്യങ്ങള്‍ വേണ്ടിവരും. ഇതു പിഎസ്സിയുടെ കംപ്യൂട്ടറില്‍ സൂക്ഷിക്കും. ചോദ്യ ബാങ്ക് രഹസ്യമായി സൂക്ഷിക്കണമോ അതോ ഉദ്യോഗാര്‍ഥികള്‍ക്കു തുറന്നുകൊടുക്കണമോ എന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല.

പരീക്ഷാരീതി പരിഷ്‌കരിക്കുന്നതിന് ആറംഗ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. അവര്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് കമ്മീഷനു സമര്‍പ്പിക്കും. ഈ വര്‍ഷംതന്നെ പരീക്ഷാ പരിഷ്‌കരണത്തിനു തുടക്കംകുറിക്കാനാണ് ഉദ്ദേശിക്കുന്നത്.