ബസില്‍ അതികമിച്ച് കയറി വിദ്യാര്‍ത്ഥികളെ ആക്രമിച്ച സംഭവത്തില്‍ കേസെടുക്കാതെ പോലീസ്;നടപടി വൈകുന്നത് അക്രമി ഉന്നത ഉദ്യാഗസ്ഥന്റെ ബന്ധുവായതിനാലെന്ന് ആരോപണം

single-img
17 March 2017

കോഴിക്കോട്: രാമനാട്ടുകരയില്‍ വനിത ഹോസ്റ്റലിന് മുന്‍പില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസില്‍ അതിക്രമിച്ച് കടന്ന് വിദ്യാര്‍ത്ഥികളേയും ഡ്രൈവറേയും ആക്രമിച്ച മധ്യവയസ്‌കനായ അക്രമിക്കെതിരെ നടപടിയെടുക്കാതെ പൊലീസ്. ഇയാള്‍ ഉന്നത ഉദ്യോഗസ്ഥന്റെ ബന്ധുവായതിനാലാണ് നടപടി സ്വീകരിക്കാത്തതെന്നാണ് ആരോപണം. മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതം വിദ്യാര്‍ത്ഥിനികള്‍ നല്ലളം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും പൊലീസ് അനാസ്ഥ തുടരുകയാണ്. മധ്യവയസ്‌കന്റെ മര്‍ദ്ദനത്തില്‍ ഒരു വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച് മദ്യലഹരിയിലെത്തിയ മധ്യവയസ്‌കന്‍ രാമനാട്ടുകരയിലെ ഭവന്‍സ് പള്‍സര്‍ ലോ കോളെജിന്റെ ലേഡീസ് ഹോസ്റ്റലിന്റെ മുന്നില്‍ നിര്‍ത്തിയിട്ട ബസില്‍ കയറി പരാക്രമം കാട്ടുകയായിരുന്നു. വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം ബസിലുണ്ടായിരുന്ന ഡ്രൈവറേയും ഇയാള്‍ മര്‍ദ്ദിച്ചു. ബസില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ഡ്രൈവര്‍ പറഞ്ഞതാണ് അയാളെ ചൊടിപ്പിച്ചത്.

‘ഒറ്റ തന്തക്ക് ജനിച്ചവനാണെങ്കില്‍ ഇങ്ങോട്ടേക്ക് ഇറങ്ങിവാടാ’ എന്ന് ഡ്രൈവറോട് അയാള്‍ പറയുന്നത് വീഡിയോയില്‍ കാണാം. ഇതിനിടെ ഫോണെടുത്ത വിദ്യാര്‍ത്ഥിനിയോട് നിനക്കൊക്കെ ഫോണ്‍ എന്തിനാണെന്നും മധ്യവയസ്‌കന്‍ ചോദിക്കുന്നു. ‘ലോകാ സമസ്ത സുഖിനോ ഭവന്തു’ എന്നും ‘രാമ രാമ രാമ ലോകാഭിരാമ രഘുരാമ രാമ’ എന്നും കേട്ടിട്ടുണ്ടോ എന്ന് ചോദിച്ച് ഇയാള്‍ ആക്രോശിക്കുന്നതും വീഡിയോയിലുണ്ട്. പീന്നീട പരസ്പര ബന്ധമില്ലാത്ത എന്തൊക്കെയോ കാര്യങ്ങള്‍ പറഞ്ഞ് ഡ്രൈവറെ തല്ലുന്നതും കാണാം. ഞാനാരാണെന്ന് അറിയാമോ എന്ന് ചോദിച്ച അക്രമി താന്‍ മഞ്ജു വാര്യരെ വിവാഹം ചെയ്യുമെന്നും പറയുന്നുണ്ട്.

ബസില്‍ ഉണ്ടായിരുന്നവര്‍ക്ക് കാഴ്ചക്കാരായി നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. വീഡിയോ മൊബൈലില്‍ പകര്‍ത്തിയവര്‍ക്ക് നേരെയും ഇയാള്‍ കയര്‍ത്തു. ഫോണ്‍ തട്ടിമാറ്റാന്‍ ശ്രമിക്കുകയും ചെയ്തു. ബസ് ഡ്രൈവറെ അസഭ്യം പറയുന്ന പ്രതി വിദ്യാര്‍ത്ഥിനികളെ ഭീഷണിപ്പെടുത്തുന്നുണ്ട്.ഒരു വിദ്യാര്‍ത്ഥിനിയെ തല്ലിയ ശേഷം ഇയാള്‍ സൈക്കിളില്‍ കയറി രക്ഷപ്പെടുകയാണുണ്ടായത്.