ട്രംപിന്റെ പുതിയ യാത്രാവിലക്കും ഫെഡറല്‍ കോടതി മരവിപ്പിച്ചു

single-img
16 March 2017

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ യാത്രാനിരോധന നിയമത്തിനും കോടതിയുടെ വിലക്ക്. ആറ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് വിസാ നിരോധനം ഏര്‍പ്പെടുത്താനുള്ള ട്രംപിന്റെ പുതിയ വിസാ-നിയമമാണ് നടപ്പിലാക്കുന്നതിന് തൊട്ടുമുമ്പ് ഹവായ് ഫെഡറല്‍ ജഡ്ജ് മരവിപ്പിച്ചത്. വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ നടപ്പില്‍ വരുത്താനായിരുന്നു തീരുമാനം. ഇതിനിടെയാണ് നിയമം മരവിപ്പിച്ച് ഫെഡറല്‍ കോടതി ഉത്തരവിറക്കിയത്.

ദേശീയ സുരക്ഷക്ക് വേണ്ടിയാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തുന്നതെന്ന സര്‍ക്കാര്‍ വാദത്തെ ചോദ്യം ചെയ്താണ് ഹവായ് ഫെഡറല്‍ ജഡ്ജ് ഡെറിക് വാറ്റ്‌സണ്‍ നിയമം മരവിപ്പിച്ചത്. ജഡ്ജിയുടെ തീരുമാനം ജുഡീഷ്യല്‍ അധികാര പരിധിയുടെ ലംഘനമാണെന്ന് ട്രംപ് പ്രതികരിച്ചു.

ആറ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാരെ 90 ദിവസത്തേക്കും അഭയാര്‍ഥികളെ 120 ദിവസത്തേക്കും വിലക്കുന്ന നിയമമാണ് ട്രംപ് നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നത്. ഭീകരര്‍ യു.എസിലേക്ക് കടക്കുന്നത് തടയാനാണ് യാത്രാവിലക്ക് എന്നായിരുന്നു ട്രംപിെന്റ വാദം. എന്നാല്‍ നിയമം വിവേചനപരമാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഇതു സംബന്ധിച്ച് നേരത്തെ ട്രംപ് ഇറക്കിയിരുന്ന ഉത്തരവ് സീറ്റില്‍ ജഡ്ജ് സ്‌റ്റേ ചെയ്തിരുന്നു. തുടര്‍ന്നാണ് പുതിയ നിയമം ഏര്‍പ്പെടുത്താന്‍ ട്രംപ് നിര്‍ബന്ധിതനായത്. ജനങ്ങള്‍ക്കിടയില്‍ വിവേചനം പാടില്ലെന്ന യു.എസ് ഭരണഘടനക്ക് വിരുദ്ധമാണ് ഈ നിയമമെന്ന് അഭിഭാഷകര്‍ പറയുന്നു.വിദ്യാര്‍ഥികളെയും ജോലിക്കാരെയും വിനോദ സഞ്ചാരികളെയും പ്രതികൂലമായി ബാധിക്കുന്നതായിരുന്നു ട്രംപിന്റെ നിയമം.