Featured, Videos

ബാങ്ക് കൊള്ളകള്‍ക്ക് അറുതി വരുത്താനായി സൗജന്യ സേവനങ്ങളുമായി ‘പോസ്റ്റ് ഓഫീസ് അക്കൗണ്ട്’ കൂടുതലായി അറിയാൻ…

അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും തുടങ്ങി എല്ലാത്തിനും സര്‍വീസ് ചാര്‍ജ് ഈടാക്കി നിക്ഷേപകന്റെ കീശ കാലിയാക്കുന്ന ബാങ്ക് കൊള്ളകള്‍ക്ക് അറുതി വരുത്താനായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വ്വീസ്.

ഒരു രൂപപോലും സര്‍വീസ് ചാര്‍ജ് ഇല്ലാത്ത സേവിംഗ്‌സ് അക്കൗണ്ട്, പരിധിയില്ലാതെ സൗജന്യ എടിഎം ഉപയോഗം എന്നിങ്ങനെ ഇടപാടുകാരെ സന്തോഷിപ്പിക്കുന്ന സേവനങ്ങളുമായാണ് ഇന്ത്യന്‍ പോസറ്റല്‍ സര്‍വ്വീസിന്റെ സേവിങ് അക്കൗണ്ട് ഒരുങ്ങുന്നത്.

മറ്റ് ബാങ്കുകള്‍ 1000, 500 രൂപ മിനിമം ബാലന്‍സ് ആവശ്യപ്പെടുമ്പോാഴാണ് വെറും 50 രൂപയ്ക്ക് പോസ്റ്റ് ഓഫീസ് വഴി അക്കൗണ്ട് തുറക്കാന്‍ കഴിയുന്നത്. അക്കൗണ്ട് തുടങ്ങുന്നതിനൊപ്പം എടിഎം കാര്‍ഡിനുള്ള പ്രത്യേക അപേക്ഷ ഫോറവും പോസ്റ്റ് ഓഫീസ് വഴി ലഭിക്കും. വീസ റുപ്പേ ഡെബിറ്റ് കാര്‍ഡാണ് പോസ്റ്റ് ഓഫീസില്‍ നിന്നു ലഭിക്കുന്നത്. ഈ കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈന്‍ ഇടപാടുകളും നടത്താന്‍ സാധിക്കും. പോസ്റ്റ് ഓഫീസ് എടിഎമ്മുകള്‍ക്ക് പുറമെ ഏതു എടിഎമ്മിലും ഈ കാര്‍ഡ് സൗജന്യമായി ഉപയോഗിക്കാം.

ചെക്ക് ബുക്ക് ആവശ്യമുള്ളവര്‍ ഇതിനായി 500 രൂപയെങ്കിലും അക്കൗണ്ടില്‍ നിലനിര്‍ത്തണം. അല്ലാത്തവര്‍ക്ക് 50 രൂപ മതിയാവും. അക്കൗണ്ട് സജീവമായി നിലനിര്‍ത്താന്‍ മൂന്നു വര്‍ഷത്തിനിടെ ഒരു തവണയെങ്കിലും ഇടപാട് (പണം ഇടുകയോ പിന്‍വലിക്കുകയോ) നടത്തണം.

ഒരു ഫോട്ടോയും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും ഉപയോഗിച്ച് അടുത്തുള്ള പോസ്‌റ്റോഫീസില്‍ തന്നെ അക്കൗണ്ട് തുടങ്ങാവുന്നതാണ്. വലിയ തുകയ്ക്കുള്ള ഇടപാടുകള്‍ക്ക് പാന്‍കാര്‍ഡ് കൂടി വേണം. ജോയിന്റ് അക്കൗണ്ട് തുടങ്ങാനുള്ള സൗകര്യവും പോസ്റ്റ് ഓഫീസിലുണ്ട്. നിക്ഷേപങ്ങള്‍ക്ക് നാലു ശതമാനം പലിശയും പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നുണ്ട്. സാമ്പത്തിക വര്‍ഷം 10,000 രൂപവരെയുള്ള പലിശയ്ക്ക് ടാക്‌സ് ഫ്രീയും ലഭിക്കും.

രാജ്യത്തെ ഭൂരിഭാഗം ഹെഡ് പോസ്റ്റ് ഓഫീസുകളിലും പോസ്റ്റല്‍ വകുപ്പിന്റെ എടിഎം പ്രവര്‍ത്തിച്ചു തുടങ്ങി. കേരളത്തിലെ ഹെഡ് പോസ്റ്റ് ഓഫീസുകളിലും ഇതിന്റെ സേവനം ഇപ്പോള്‍ ലഭിക്കുന്നുണ്ട്. മാര്‍ച്ച് അവസാനത്തോടെ കേരളത്തിലെ 51 ഹെഡ് പോസ്റ്റ് ഓഫീസുകളിലും അഞ്ച് സബ് പോസ്റ്റ് ഓഫീസുകളിലും പോസ്റ്റല്‍ വകുപ്പിന്റെ എടിഎം മെഷീന്‍ സ്ഥാപിച്ചു കഴിയും.

ബാങ്ക് അക്കൗണ്ട് പോലെ പോസ്റ്റ് ഓഫീസിലെ സേവിംഗ് അക്കൗണ്ട് മറ്റൊരു പോസ്റ്റ് ഓഫീസിലേക്ക് മാറ്റാനും സാധിക്കും. കൂടുതല്‍ വിവരങ്ങള്‍ അടുത്തുള്ള പോസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ടാല്‍ ലഭിക്കുന്നതാണ്.