ഒരു മതത്തെ നിര്‍ബന്ധപൂര്‍വം മറ്റൊരാളുടെമേല്‍ അടിച്ചേല്‍പ്പിക്കാനാകില്ല; നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്

single-img
15 March 2017

കറാച്ചി: ഒരു മതത്തെ നിര്‍ബന്ധപൂര്‍വം മറ്റൊരാളുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. നിര്‍ബന്ധിത മതപരിവര്‍ത്തനം, മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളുടെ നശീകരണം തുടങ്ങിയവയ്‌ക്കെതിരെ ശക്തമായ നടപടിയെടുക്കും. ഇവ ഇസ്‌ലാമിനകത്തെ കുറ്റകൃത്യങ്ങളാണ് ഹോളി ആഘോഷത്തോട് അനുബന്ധിച്ചു രാജ്യത്തെ ഹിന്ദു സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരൊക്കെ നരകത്തില്‍പ്പോകുമെന്നോ സ്വര്‍ഗത്തില്‍പ്പോകുമെന്നോ തീരുമാനിക്കുന്നതു മറ്റുള്ളവരുടെ ജോലിയല്ല. അങ്ങനെയുള്ളവര്‍ പാകിസ്താനെ ഭൂമിയിലെ സ്വര്‍ഗമാക്കുകയാണു വേണ്ടത്. ജാതി, മത, വംശ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യര്‍ക്കും പ്രാധാന്യം നല്‍കുന്ന മതമാണ് ഇസ്‌ലാം. ഒരു മതത്തെ സ്വീകരിക്കണമെന്നു മറ്റൊരാളെ നിര്‍ബന്ധിക്കാനാകില്ല. അതു കുറ്റകൃത്യമാണ്. മാത്രമല്ല, പാകിസ്താനിലെ ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും ഷെരീഫ് പറഞ്ഞു

നിര്‍ബന്ധപൂര്‍വം ഒരു മതത്തെ മറ്റൊരാളുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും അത്തരത്തിലുള്ള മതപരിവര്‍ത്തനത്തിനും മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളെ അക്രമം നടത്തുന്നതിനും ശക്തമായ നടപടിയുണ്ടാവുമെന്നും ഷെരീഫ് താക്കീത് നല്‍കി.ഗ്രാമപ്രദേശങ്ങളില്‍ ഹിന്ദുക്കളെ നിര്‍ബന്ധിതമായി മതപരിവര്‍ത്തനം ചെയ്യിക്കുന്നതായുള്ള പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഷെരീഫിന്റെ പ്രസ്താവന.