മിഷേലിന്റെ ഫോണ്‍ കിട്ടാത്തത് അന്വേഷണം വഴിമുട്ടിക്കുന്നു:മിഷേലുമായി പ്രണയത്തിലായിരുന്നു മരണത്തില്‍ പങ്കില്ലെന്ന് ക്രോണിന്‍ ; രണ്ടു ദിവസം അയച്ച 100 ലധികം മെസേജുകള്‍ ക്രോണിന്‍ ഡിലീറ്റ് ചെയ്തത് എന്തിന്?

single-img
15 March 2017

കൊച്ചി: കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സി.എ. വിദ്യാര്‍ഥിനി മിഷേലുമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ക്രോണിന്‍ അലക്‌സാണ്ടര്‍. ഇക്കാര്യം മിഷേലിന്റെയും തന്റെയും മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അറിയാമെന്നും ക്രോണിന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മിഷേലിന്റെ മരണം നടക്കുമ്പോള്‍ താന്‍ നാട്ടില്‍ ഉണ്ടായിരുന്നില്ല. മിഷേല്‍ മരിക്കാന്‍ മാത്രം എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്നും ക്രോണിന്‍ പറഞ്ഞു.

അതേസമയം ക്രോണിനെക്കുറിച്ച് തങ്ങള്‍ക്ക് ഒരറിവുമില്ലെന്നും മിഷേല്‍ ഈ ബന്ധത്തെക്കുറിച്ചു പറയുകയോ ക്രോണിനെക്കുറിച്ച് പരാതി പറയുകയോ ചെയ്തിട്ടില്ലെന്നും മിഷേലിന്റെ പിതാവ് ഷാജിയും പറയുന്നു. ക്രോണിന്‍ തങ്ങളുടെ ബന്ധു അല്ലെന്നും പൊലീസ് കെട്ടിച്ചമച്ച കഥയാണെന്നും ഷാജി വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ കേസ് അട്ടമിറിക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്ന സംശയദൃഷ്ടി പോലീസിനു നേരെ നീളുകയാണ്.

മിഷേലിന്റെ ഫോണ്‍കോള്‍ രേഖകളില്‍ നിന്നും ആത്മഹത്യാ പ്രേരണാകുറ്റത്തിന് അറസ്റ്റിലായ ക്രോണിന്‍ അലക്‌സാണ്ടര്‍ ബേബിയുടെ മാതാവ് വിളിച്ച വിവരം പുറത്തു വന്നിരുന്നു. മിഷേലിന്റെ ഫോണിലേക്ക് ക്രോണിന്റെ മാതാവ് എസ്എംഎസ് അയച്ചതിന് മറുപടിയായി ഏകദേശം മൂന്നരയോടെ മിഷേല്‍ വിളിക്കുകയായിരുന്നു.മിഷേലിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആകുന്നതിന് തൊട്ടു മുമ്പ് ക്രോണിന്‍ വിളിച്ചു പറഞ്ഞതിനെ തുടര്‍ന്നാണ് വിളിച്ചതെന്നാണ് മാതാവ് നല്‍കുന്ന വിവരം. ക്രോണിന്‍ തന്നെ വിളിച്ച് മിഷേലിനെ വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ലെന്നും ഒന്നു വിളിച്ചു നോക്കണമെന്നും ആവശ്യപ്പെട്ടത് അനുസരിച്ചാണ് താന്‍ ഫോണ്‍ വിളിച്ചതെന്നാണ് മാതാവിന്റെ മൊഴി.

കേസിലെ നിര്‍ണായക തെളിവായിരിക്കുന്നത് മിഷേലിന് ക്രോണിന്‍ അയച്ച ഭീഷണി സ്വഭാവത്തിലുള്ള ഫോണ്‍ സന്ദേശങ്ങളാണ്. മരണത്തിന് മുമ്പുള്ള രണ്ടുദിവസങ്ങളില്‍ മാത്രം നൂറോളം മെസേജുകളാണ് ക്രോണിന്‍ മിഷേലിന് അയച്ചത്. എന്നാല്‍, പോലീസില്‍ ഹാജരാകും മുമ്പേ ഈ മെസേജുകള്‍ മുഴുവന്‍ ക്രോണിന്‍ ഡിലീറ്റ് ചെയ്തിരുന്നു. ഇതു ക്രോണിനെ പോലീസ് സംശയിക്കാനുള്ള പ്രധാന തെളിവായി. ശാസ്ത്രീയ പരിശോധനയിലൂടെ ഈ മെസേജുകള്‍ വീണ്ടെടുക്കാനുള്ള ശ്രമം പോലീസ് തുടങ്ങിയിരുന്നു. അന്വേഷണം ഏറ്റെടുത്ത ക്രൈം ബ്രാഞ്ചിനും ഈ മെസേജുകള്‍ നിര്‍ണായകമാണ്. മരിക്കുന്നതിനു രണ്ടു ദിവസം മുമ്പുവരെ നൂറിലധികം മെസേജുകളാണ് ക്രോണിന്‍ മിഷേലിനയച്ചത്. മിഷേലിന്റെ ഫോണ്‍ കണ്ടെത്തിയാല്‍ ഇത് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയും.

കേസുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്ത മിഷേലിന്റെ അകന്ന ബന്ധുകൂടിയായ പ്രതി ക്രോണിന്‍ അലക്‌സാണ്ടര്‍ ബേബിയെ കസ്റ്റഡിയില്‍ കിട്ടാന്‍ ക്രൈം ബ്രാഞ്ച് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. മരണം ആത്മഹത്യയാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ മിഷേലിന്റെ ബന്ധുക്കള്‍ ഈ വിശദീകരണത്തില്‍ തൃപ്തരല്ലാത്ത സാഹചര്യത്തില്‍ സമഗ്ര അന്വേഷണത്തിലൂടെ ദുരൂഹത നീക്കാനാകും ക്രൈം ബ്രാഞ്ചിന്റെ ശ്രമം.