ഇനി പാട്ടുകാരന്‍ രഞ്ജി പണിക്കര്‍: മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ‘അലമാര’യിലാണ് രണ്‍ജി പണിക്കര്‍ ഗായകനായി അരങ്ങേറ്റം കുറിക്കുന്നത്.

single-img
15 March 2017

തിരക്കഥാകൃത്തായും സംവിധായകനായും നടനായും കഴിവ് തെളിയിച്ചിട്ടുള്ള രണ്‍ജി പണിക്കറുടെ അടുത്ത കാല്‍വെപ്പ് പിന്നണിഗാനരംഗത്തേക്ക്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ‘അലമാര’യിലാണ് രണ്‍ജി പണിക്കര്‍ ഗായകനായി അരങ്ങേറ്റം കുറിക്കുന്നത്. സൂരജ് എസ് കുറുപ്പാണ് സംഗീത സംവിധാനം. മനു മഞ്ജിത്തിന്റേതാണ് ലിറിക്‌സ്

‘ഫണ്‍ മൂഡിലുള്ളൊരു പാട്ടാണ് രണ്‍ജി പണിക്കര്‍ പാടിയിരിക്കുന്നത്. പാട്ട് ചിട്ടപ്പെടുത്തുമ്പോള്‍ തന്നെ രണ്‍ജി പണിക്കരെക്കൊണ്ട് പാടിപ്പിച്ചാല്‍ കൊള്ളാമെന്ന് മനസ്സിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ശബ്ദം ഈ പാട്ടിന്റെ മൂഡിന് നന്നായി ഇണങ്ങുമെന്ന് തോന്നി. മിഥുനോടും മറ്റുള്ളവരോടുമൊക്കെ പറഞ്ഞപ്പോള്‍ അവരും കൂടെനിന്നു. പക്ഷെ, രണ്‍ജിയേട്ടനോട് ഇത് പറഞ്ഞപ്പോഴൊക്കെ ഒഴിഞ്ഞുമാറി രക്ഷപ്പെടുകയായിരുന്നു.
ഒരു ദിവസം റെക്കോര്‍ഡിങ് സാമഗ്രികളുമായി ഞാന്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയി. അവിടെ വെച്ച് പാടാന്‍ സമ്മതിപ്പിച്ചു. റഫ് ട്രാക്ക് കേട്ട് അദ്ദേഹം തന്നെ ഒരു ട്രയല്‍ പാടി. അതിന്റെ റെക്കോര്‍ഡിംഗ് കേട്ടു കഴിഞ്ഞപ്പോള്‍ പാടാന്‍ അദ്ദേഹത്തിന് ആത്മവിശ്വാസം വര്‍ധിച്ചു. ഇപ്പോള്‍ ഫൈനല്‍ ഔട്ട് വന്നപ്പോള്‍ ഞങ്ങള്‍ ഹാപ്പിയാണ്’-സൂരജ് പറഞ്ഞു.

സണ്ണി വെയ്ന്‍, മണികണ്ഠന്‍, അതിഥി രവി, രണ്‍ജി പണിക്കര്‍ തുടങ്ങിയവരാണ് സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. ആന്‍ മരിയ കലിപ്പിലാണ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മിഥുന്‍ ഒരുക്കുന്ന ചിത്രം അതിഥിയുടെ നായികയായിട്ടുള്ള അരങ്ങേറ്റത്തിന് കൂടിയാണ് സാക്ഷ്യം വഹിക്കുന്നത്. മാര്‍ച്ച് 17നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.