മിഷേല്‍ ഷാജിയുടെ മരണം: പോലീസിനെതിരെ ആരോപണവുമായി കുടുംബം; ‘ജസ്റ്റിസ് ഫോര്‍ മിഷേല്‍’ ക്യാമ്പയിനുമായി സോഷ്യല്‍മീഡിയയും

single-img
13 March 2017

പിറവം: മകളുടെ മരണം അന്വേഷണ ഉദ്യോഗസ്ഥര്‍ അനാസ്ഥ കാണിക്കുന്നെന്ന ആരോപണവുമായി കൊച്ചിയില്‍ മരിച്ച സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ (18) കുടുംബം. പൊലീസ് ആദ്യഘട്ടം മുതല്‍ അന്വേഷണത്തില്‍ അനാസ്ഥ കാട്ടിയെന്ന് മിഷേലിന്റെ പിതാവ് ഷാജി വര്‍ഗീസ് കുറ്റപ്പെടുത്തി. മകളുടെ മരണത്തിന് ഉത്തരവാദികളായവരെ എത്രയും പെട്ടെന്ന് വെളിച്ചത്തു കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മിഷേലിന്റെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടുവരണമെന്നാവശ്.പ്പെട്ട് പിറവത്ത് നാളെ ഹര്‍ത്താല്‍ ആചരിക്കും. ആക്ഷന്‍ കൗണ്‍സിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍ നടക്കുക. സര്‍വകക്ഷി സംഘത്തിന്റെ നേതൃത്വത്തില്‍ മിഷേലിന്റെ കുടുംബം മുഖ്യമന്ത്രിയെ നേരിട്ടു കാണുവാനും തീരുമാനിച്ചു.

അതേസമയം മിഷേലിന്റെ മരണത്തിനു പിന്നിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ടു സോഷ്യല്‍ മീഡിയകളില്‍ ഇതിനകം ക്യാംപയിനുകള്‍ ആരംഭിച്ചുകഴിഞ്ഞു. നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ പ്രമുഖ താരങ്ങളും ഈ ക്യാംപയിനിന്റെ ഭാഗമായിട്ടുണ്ട്. ഫെയ്‌സ്ബുക്ക്് ക്യമ്പയിനുകളില്‍ പല രീതികളിലാണ് യുവാക്കള്‍ പങ്കുചേരുന്നത്. ചിലര്‍ മിഷേലിന്റെ ചിത്രം പ്രൊഫൈല്‍ ചിത്രമാക്കുമ്പോള്‍ ചിലര്‍ ഹാഷ് ടാഗിങ്ങിലൂടെയാണ് പ്രതിഷേധം രേഖപ്പെടുത്തുന്നത്. ‘പൊതുവഴിയില്‍ ചുംബിക്കാനുള്ള സ്വാതന്ത്ര്യത്തേക്കാള്‍… പൊതുവഴിയിലൂടെ ഒരു പെണ്‍കുട്ടിക്ക് ആരെയും പേടിക്കാതെ നടക്കാനുള്ള സ്വാതന്ത്ര്യമാണ് വേണ്ടത്’ എന്ന പോസ്റ്റിന് സ്വീകാര്യതയേറെയാണ്.
മിഷേലിന്റെ ദുരൂഹ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചിരുന്നു. അനൂപ് ജേക്കബ് എംഎല്‍എയുടെ അടിയന്തര പ്രമേയ നോട്ടീസിന് നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംഭവത്തില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് അന്വേഷണം നടന്നു വരികയാണ്. ഫോണ്‍ കോളുകളും പരിശോധിക്കുന്നുണ്ട്. കുറ്റവാളികള്‍ എത്ര ഉന്നതരായാലും പിടികൂടും. വീഴ്ചവരുത്തിയ പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിരിന്നു.

കൊച്ചിയില്‍ സിഎ വിദ്യാര്‍ത്ഥിയായിരുന്ന ഇലഞ്ഞി സ്വദേശിയായ മിഷേലിന്റെ മൃതദേഹം മാര്‍ച്ച് ആറിന് കൊച്ചി വാര്‍ഫിലാണ് കണ്ടെത്തുന്നത്. മാര്‍ച്ച് അഞ്ചിന് കച്ചേരിപ്പടിയിലെ ഹോസ്റ്റലില്‍ നിന്ന് കലൂര്‍ പള്ളിയിലേക്ക് പുറപ്പെട്ട മിഷേലിനെ പിന്നീട് കാണാതാകുകയായിരുന്നു.