സേവിംഗ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തിയില്ലെങ്കില്‍ പിഴ ഈടാക്കാനുള്ള നടപടിയെ ന്യായീകരിച്ച് എസ്ബിഐ:പ്രധാന്‍മന്ത്രി ജന്‍ധൻ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിന്റെ ഭാരം തീര്‍ക്കാന്‍ നിരക്കുകള്‍ ചുമത്താതെ നിവൃത്തിയില്ല

single-img
9 March 2017

മുംബൈ: സേവിംഗ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തിയില്ലെങ്കില്‍ പിഴ ഈടാക്കാനുള്ള നടപടിയെ ന്യായീകരിച്ച് എസ്ബിഐ.
11 കോടി ജന്‍ധന്‍ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിന്റെ ഭാരം തീര്‍ക്കാന്‍ ഇത്തരത്തില്‍ ചില നിരക്കുകള്‍ ചുമത്താതെ നിവൃത്തിയി
ല്ലെന്ന് എസ്ബിഐ ചെയര്‍പഴ്‌സന്‍ അരുന്ധതി ഭട്ടാചാര്യ പറഞ്ഞു.

മിനിമം ബാലന്‍സ് ജന്‍ധന്‍ അക്കൗണ്ടുകള്‍ക്ക് ബാധകമല്ല. ഡിജിറ്റല്‍ ബാങ്കിങിനും, എടിഎമ്മിനും നിരക്ക് ഏര്‍പ്പെടുത്തിയതിന് പുറമേ മിനിമം ബാലന്‍സില്ലെങ്കില്‍ പിഴ ഈടാക്കുന്ന രീതി ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വരും.

പിഴ ഈടാക്കുന്നത് പുന:പരിശോധിക്കാന്‍ സര്‍ക്കാരില്‍ നിന്ന് ഇതുവരെ നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. ലഭിച്ചാല്‍ അക്കാര്യം പരിശോധിക്കുമെന്നും മിനിമം ബാലന്‍സ് വ്യവസ്ഥ ജന്‍ധന്‍ അക്കൗണ്ടുകള്‍ക്കു ബാധകമല്ലെന്നും ഭട്ടാചാര്യ പറഞ്ഞു.

പ്രതിമാസ ശരാശരി മിനിമം ബാലന്‍സ് നിലനിര്‍ത്തിയില്ലെങ്കില്‍ പിഴ ഈടാക്കുന്ന സമ്പ്രദായം നേരത്തെ മുതല്‍ക്കുള്ളതാണെന്നും 2012ല്‍ മാത്രമാണ് എസ്ബിഐ അതു പിന്‍വലിച്ചതെന്നും ഭട്ടാചാര്യ പറഞ്ഞു