ഇന്ന് അന്താരാഷ്ട്ര വനിതാദിനം; സ്ത്രീ ശാക്തീകരണത്തെ കുറിച്ച് അജിതാ ബീഗം ഐ പി എസ്സിന് പറയാനുള്ളത്

single-img
8 March 2017

ഇന്ന് അന്താരാഷ്ട്ര വനിതാദിനം. ഈ വർഷത്തെ വനിതാ ദിനത്തോടനുബന്ധിച്ചു ഐക്യരാഷ്ട്ര സഭയുടെ ആപ്തവാക്യം ‘ബി ബോള്‍ഡ് ഫോര്‍ ചെയ്ഞ്ച്’ എന്നാണ്. അതായതു മാറ്റത്തിനായി നിർഭയരാവുക.

ദേശത്തിന്റെ അതിരുകള്‍ക്കപ്പുറത്ത്, ലോകത്തെമ്പാടുമുള്ള വനിതകള്‍ക്കായി ഒരു ദിനം എന്ന ചിന്തയില്‍ നിന്നാണ് വനിതാദിനാചരണം ഉരുത്തിരിഞ്ഞത്. സ്വന്തം ജോലി സ്ഥലത്തെ സൗകര്യങ്ങളും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകള്‍ നടത്തിയ മുന്നേറ്റത്തിന്റെ പിന്‍ബലവും, വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേല്‍ വിയര്‍പ്പും കണ്ണീരും കൊണ്ട് സ്ത്രീകള്‍ വരിച്ച വിജയത്തിന്റെ കഥകളാണ് വനിതാദിനത്തിനു പിന്നില്‍.

എന്നാല്‍ ഇന്ന് അന്താരാഷ്ട്ര വനിതാദിനം ആചരിക്കാന്‍ തുടങ്ങിയിട്ട് ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചു വരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

സ്ത്രീകളും കുട്ടികളും ദിവസം തോറും ക്രൂരമായ ആക്രമണത്തിന് വിദേയരാകുന്ന ഈ സാഹചര്യത്തില്‍ എന്തിന് വനിതാദിനം ആഘോഷിക്കണം??

തമിഴ്‌നാട്ടിലെ ആദ്യ മുസ്‌ലീം വനിതാ ഐപിഎസ് ഓഫിസറും കൊല്ലം റൂറല്‍ എസ്പിയുമായ എസ്.അജിതാ ബീഗം പറയുന്നതിങ്ങനെ..

ഈ കാലഘട്ടത്തില്‍ വുമണ്‍സ് ഡേ ആഘോഷിക്കേണ്ടത് ആണ്‍കുട്ടികളാണ്

“ഈ ദിവസവും അതിന്റെ പ്രാധാന്യവും പഠിക്കേണ്ടതും പഠിപ്പിക്കേണ്ടതും പുരുഷന്മാരെയാണ്. ഈ കാലഘട്ടത്തില്‍ വുമണ്‍സ് ഡേ ആഘോഷിക്കേണ്ടത് ആണ്‍കുട്ടികളാണ് ഇവിടെ നാം പെണ്‍കുട്ടികളെ കരാട്ടെയും കളരിയും പഠിപ്പിച്ചതു കൊണ്ടു മാത്രം കാര്യമില്ല. സ്ത്രീ എന്നാല്‍ അവന്റെ സന്തോഷങ്ങള്‍ക്കുള്ള ഉപഭോഗ വസ്തുവല്ലെന്നും, ഈ ലോകത്ത് പുരുഷനെ പോലെ തുല്യത അവള്‍ക്കുമുണ്ടെന്നും അവള്‍ക്കു നേരെയുള്ള ഓരോ അക്രമവും ക്രിമിനല്‍ കുറ്റമാണെന്നും നമുക്ക് ആണ്‍കുട്ടികളെക്കൂടി പഠിപ്പിക്കാം…”

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് കടിഞ്ഞാൺ ഇടാൻ പോലീസിന്റെയും നീതിന്യായ വ്യവസ്ഥയുടേയുമൊപ്പം നാം ഓരോരുത്തരും സമഗ്രമായി ഇടപെടണമെന്നും അജിത അഭിപ്രായപ്പെടുന്നു.

“ഇത് പോലീസിന്റെയോ നീതിന്യായ വ്യവസ്ഥയുടെയോ മാത്രം ഉത്തരവാദിത്വമല്ല, മറിച്ച് നാം ഓരോരുത്തരുടേയുമാണ്. വീടും വിദ്യാലയവും നീതിന്യായ വ്യവസ്ഥയും ഒന്നിച്ച് പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്. പണ്ടൊക്കെ വിദ്യാലയങ്ങളില്‍ മോറല്‍ സയന്‍സ് എന്നൊരു വിഷയം തന്നെ പഠിക്കാനുണ്ടായിരുന്നു. എന്നാല്‍ ഇന്നതില്ല. ഒരു വ്യക്തി വളരുന്ന സാഹചര്യം കുടുംബം, പഠിക്കുന്ന വിദ്യാലയം, സൗഹൃദങ്ങള്‍ തുടങ്ങി എല്ലാം നല്ലതിലേക്കും ചീത്തയിലേക്കും നയിക്കുന്നു, അജിതാ ബീഗം പറയുന്നു.

സ്ത്രീ ശക്തയാണെന്ന സ്വയം തിരിച്ചറിവാണ് അക്രമങ്ങള്‍ക്കെതിരെയുള്ള പ്രതിരോധം..മാനഭയം വേണ്ടത് സ്ത്രീക്കല്ല പുരുഷനാണ്

“ഇന്ന് പോലീസിന്റെ ഭാഗത്തു നിന്ന് സ്ത്രീ സുരക്ഷക്ക് ഒരുപാട് മുന്‍ കരുതലുള്‍ എടുക്കുന്നുണ്ട് എന്നാല്‍ ഭൂരിഭാഗം ലൈംഗീകാതിക്രമങ്ങളും കുട്ടികള്‍ക്കു നേരെയാണ്. ഇതിനു കാരണം കുട്ടികള്‍ പുറത്ത് പറയില്ല എന്നതുതന്നെ. മാനഭയംകൊണ്ടും ഭീക്ഷണിക്ക് ഭയന്നും പുറത്ത് പറയാതെ വരുമ്പോള്‍ വീണ്ടും വീണ്ടും അവര്‍ ചൂഷണത്തിനിരയാകുന്നു. സ്ത്രീ ശക്തയാണെന്ന സ്വയം തിരിച്ചറിവാണ് അക്രമങ്ങള്‍ക്കെതിരെയുള്ള പ്രതിരോധം. പല പെണ്‍കുട്ടികളും അക്രമിക്കപ്പെട്ടാല്‍ താന്‍ ചെയ്ത അപരാതമാണെന്ന് കരുതുന്നു. ഇതാണ് തിരുത്തേണ്ടത്, മാനഭയം വേണ്ടത് സ്ത്രീക്കല്ല പുരുഷനാണ്. തെറ്റുകാരി സ്ത്രീയല്ല അക്രമിയാണ്. തന്റെ ദേഹത്തു പറ്റുന്ന അഴുക്കിനെ കഴുകികളയാന്‍ ഓരോ സ്ത്രീയും ശക്തയാകണം.

സ്ത്രീ സമത്വത്തിന്റെ പോരട്ടമാണ് വനിതാദിനം കൊണ്ട് ഐക്യരാഷ്ട്രസഭ ലക്ഷ്യമിട്ടത്. എന്നാല്‍ വാക്കുകളില്‍ മാത്രം കത്തി ജ്വലിക്കുന്ന സ്ത്രീ സ്വാതന്ത്ര്യമല്ല നമ്മുക്ക് വേണ്ടത്. പേടിയില്ലാതെ സ്വന്തം വീടുകളില്‍ ഉറങ്ങാനും വിദ്യാലയങ്ങളിലും ദേവാലയങ്ങളിലും വേട്ടയാടപ്പെടാതിരിക്കാനും പുരുഷനെപോലെ സമൂഹത്തില്‍ സഞ്ചരിക്കാനും കഴിയുന്ന ഒരു ദിവസത്തിലേക്കുള്ള മാറ്റമാണ് നമ്മുക്കനിവാര്യം,” അജിത വാക്കുകൾ ഉപസംഹരിക്കുന്നു.

ഇനി ഒരു സ്ത്രീയും അക്രമിക്കപ്പെടാതിരിക്കാന്‍.. ഒരനിയത്തിയുടെ ജീവൻ നഷ്ടപ്പെടാതിരിക്കാന്‍..ഒരമ്മയുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ പൊഴിയാതിരിക്കാന്‍ .. നമ്മുക്കൊന്നിച്ച് പ്രതിജ്ഞയെടുക്കാം ‘ബി ബോള്‍ഡ് ഫോര്‍ ചെയ്ഞ്ച്’.