ഗുജറാത്തില്‍ അമിത് ഷായ്ക്ക് നേരെ പട്ടേല്‍ സമുദായക്കാരുടെ മുട്ടയേറ്

single-img
7 March 2017

അഹമ്മദബാദ്: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ വാഹനത്തിന് നേരെ ഗുജറാത്തില്‍ പട്ടേല്‍ സമുദായക്കാരുടെ മുട്ടയേറ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിദിന ഗുജറാത്ത് സന്ദര്‍ശനം ചൊവ്വാഴ്ച്ച ആരംഭിക്കാനിരിക്കെ തിങ്കളാഴ്ച്ച വൈകീട്ടാണ് സംഭവം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും സംവരണം വേണമെന്ന ആവശ്യപ്പെട്ട് ദീര്‍ഘനാളായി പട്ടേല്‍സമുദായക്കാര്‍ പ്രക്ഷോഭം സംഘടിപ്പിക്കാറുണ്ട്.

ഗുജറാത്തില്‍ ഇന്ന് ആരംഭിക്കുന്ന മോദിയുടെ ദ്വിദിന സന്ദര്‍ശത്തില്‍ പങ്കെടുക്കാനായാണ് അമിത് ഷാ എത്തിയത്. സോംനാഥിലെ ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേയായിരുന്നു സംഭവം. നാളെയാണ് മോദി ഈ ക്ഷേത്രം സന്ദര്‍ശിക്കുന്നത്.

ജൂണില്‍ നടക്കാനിരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പിന് മുന്‍പായി ബി.ജെ.പിയുടെ പരമാവധി എം.പി മാരെയും എം.എല്‍.എമാരേയും പങ്കെടുപ്പിച്ച് തിരഞ്ഞെടുപ്പ് കൊഴുപ്പിക്കാനാണ് ബി.ജെ.പിയുടെ തീരുമാനം. കഴിഞ്ഞ വര്‍ഷം ആനന്ദിബെന്‍ പട്ടേലിനെ മാറ്റി ബിജെപി വിജയ് രൂപാണിയെ മുഖ്യമന്ത്രി ആക്കിയിരുന്നു. പട്ടേലുക്കാരുടേയും ദളിത് വിഭാഗങ്ങളുടേയും പ്രതിഷേധം തിളച്ചുമറിയുന്നതിനിടെ ആയിരുന്നു ഈ മുഖംമിനുക്കല്‍. ഗുജറാത്തിലെ വലിയ വോട്ടുബാങ്കാണ് പട്ടേലുക്കാര്‍. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയില്‍ 90 ലക്ഷവും ഈ വിഭാഗക്കാരാണ്. പട്ടേലുക്കാരുടെ പ്രതിഷേധമാണ് കഴിഞ്ഞവര്‍ഷം നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ കനത്ത തിരിച്ചടിയ്ക്ക് പ്രധാന കാരണം.
സംസ്ഥാന ആഭ്യന്തരമന്ത്രി പ്രദീപ്‌സിന്‍ഹ് ജഡേജക്കെതിരേയും നേരത്തെ ആക്രമണമുണ്ടായിരുന്നു. നിയമസഭാ കെട്ടിടത്തിന് പുറത്ത് വാര്‍ത്താസമ്മേളനം നടത്തവെ യുവാവ് ഷൂ എറിഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടല്‍ കാരണം ഷൂ മന്ത്രിയുടെ ശരീരത്തില്‍ കണ്ടില്ല. ബിജെപിയുടെ യൂത്ത് പ്രസിഡണ്ട് റുത്വിജി പട്ടേലിനെതിരേയും മുട്ടയേറുണ്ടായി. സൂറത്തിലെ റാലിക്കിടെ ആയിരുന്നു സംഭവം.
പട്ടേല്‍ സമുദായക്കാര്‍ പ്രതിഷേധം അക്രമത്തിലേക്ക് തിരിയുന്ന പശ്ചാത്തലത്തില്‍ മോഡിയുടെ സന്ദര്‍ശന ദിനങ്ങളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ച് മൂന്ന് മുതല്‍ എട്ട് വരെ പൊലീസുകാരുടെ അവധി റദ്ദാക്കി.