പെണ്‍കുട്ടികള്‍ ആറ് മണിക്ക് മുന്‍പ് ഹോസ്റ്റലുകളില്‍ കയറുന്നത് കര്‍ശനമാക്കണമെന്ന് മനേകാ ഗാന്ധി

single-img
7 March 2017

ന്യൂഡല്‍ഹി: വനിതാ ഹോസ്റ്റലുകളില്‍ പെണ്‍കുട്ടികള്‍ വൈകീട്ട് ആറ് മണിക്ക് മുന്‍പ് കയറുന്നത് കര്‍ശനമാക്കണമെന്ന് കേന്ദ്ര വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി മനേക ഗാന്ധി. ലോക വനിതാ ദിനത്തിന്റെ ഭാഗമായി എന്‍.ഡി.ടി.വി.ക്കു നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വനിതാ ഹോസ്റ്റലുകളില്‍ സുരക്ഷ വര്‍ധിപ്പിച്ചാല്‍ പോരേ എന്ന ചോദ്യത്തിന് അത് പറ്റില്ല എന്നായിരുന്നു അവരുടെ മറുപടി. പെണ്‍കുട്ടികളുടെ സുരക്ഷയ്ക്ക് ഗെയിറ്റില്‍ രണ്ടു ബീഹാറി ജീവനക്കാര്‍ ആയുധവുമായി നിന്നാല്‍ പോര. എല്ലാത്തിനും സമയ നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ മാത്രമേ ഇതിനൊരു പരിഹാരമുണ്ടാകൂ. ലൈബ്രറിയിലേക്ക് പോകേണ്ടതുണ്ടെങ്കില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകമായി രണ്ട് രാത്രികള്‍ വീതം കൊടുക്കുകയാണ് വേണ്ടതെന്നും മനേക ഗാന്ധി പറഞ്ഞു.

കൗമാരപ്രായത്തിലുള്ള കുട്ടികള്‍ക്ക് ഹോര്‍മാണ്‍പരമായ മാറ്റങ്ങള്‍ വെല്ലുവിളിയുണ്ടാക്കുന്നു. ഇതുണ്ടാക്കുന്ന സ്‌ഫോടനങ്ങളില്‍ നിന്ന് രക്ഷപ്പെടാനായി ഇത്തരമൊരു ‘ലക്ഷ്മണരേഖ’ സഹായിക്കുമെന്നും മനേക പറഞ്ഞു. ആണ്‍കുട്ടികള്‍കള്‍ക്കും സമയ നിയന്ത്രണം വേണം. ആറ് മണിക്ക് ശേഷം ക്യാപസില്‍ അലഞ്ഞ് നടക്കാന്‍ അവരെ അനുവദിക്കരുത്. അവര്‍ ഹോസ്റ്റലില്‍ കയറി പഠനത്തിനാവശ്യമായ കാര്യങ്ങള്‍ ചെയ്യട്ടെയെന്നും അവര്‍ പറഞ്ഞു.

സ്ത്രീശാക്തീകരണത്തിനും ലിംഗസമത്വത്തിനും വേണ്ടി നിരന്തരം സംസാരിക്കുന്ന വ്യക്തിയാണ് മനേക ഗാന്ധി. സ്ത്രീകള്‍ക്കുവേണ്ടിയുള്ള ദേശീയ നയം പരിഷ്‌കരിക്കുന്നതിന് മുന്‍കൈയ്യെടുത്തതും മനേകയാണ്.